Asianet News MalayalamAsianet News Malayalam

70 മാസം, നൂറുകണക്കിന് പുസ്തകങ്ങള്‍; പുസ്തക വായനയുമായി റിയാദിലെ ചില്ലയുടെ 'എന്റെ വായന'

ഫെബ്രുവരി 2015 മുതല്‍ എല്ലാമാസവും മുടങ്ങാതെ നടന്ന പരിപാടി കൊവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷം മാര്‍ച്ച് മുതല്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലേക്ക് മാറി.

Riyadh Chilla Sarga Vedi book reading programme completed 70 months
Author
Riyadh Saudi Arabia, First Published Nov 30, 2020, 2:18 PM IST

റിയാദ്: റിയാദിലെ ചില്ല സര്‍ഗവേദി ആരംഭിച്ച പ്രതിമാസ പുസ്തകാവതരണ പരിപാടിയായ 'എന്റെ വായന' 70 മാസം പിന്നിട്ടു. 2015ല്‍ ആരംഭിച്ച പരിപാടി കൊവിഡ് കാലത്ത് വെര്‍ച്വലായാണ് നടക്കുന്നത്. 70-ാമത്തെ പരിപാടിയായ നവംബറിലെ 'എന്റെ വായന' കെ.ആര്‍. മീരയുടെ 'ഖബര്‍' എന്ന പുതിയ നോവല്‍ അവതരിപ്പിച്ച് പ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്തു.  

ഫെബ്രുവരി 2015 മുതല്‍ എല്ലാമാസവും മുടങ്ങാതെ നടന്ന പരിപാടി കൊവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷം മാര്‍ച്ച് മുതല്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലേക്ക് മാറി. ലോക്ഡൗണ്‍ കാലത്ത് പ്രതിവാര വെര്‍ച്വല്‍ സംവാദങ്ങളും സംഘടിപ്പിച്ചിരുന്നു. സാറാ ജോസഫ്, ബെന്യാമിന്‍, എസ്. ഹരീഷ്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, വി. മുസഫര്‍ അഹമ്മദ്, മനോജ് കുറൂര്‍, അംബികാസുതന്‍ മാങ്ങാട്, സോണിയ റഫീഖ്, ഫര്‍സാന അലി എന്നിവര്‍ ചില്ല സംവാദങ്ങളെ സര്‍ഗാത്മകമാക്കി. അറബ് കവി ശിഹാബ് ഗാനിം, കെ. സച്ചിദാന്ദന്‍, ഇ. സന്തോഷ് കുമാര്‍ എന്നിവര്‍ വിവിധ കാലങ്ങളില്‍ ചില്ല വാര്‍ഷിക ആഘോഷങ്ങള്‍ക്കായി റിയാദിലെത്തി. ബുക്ക്വിസ് എന്ന പേരില്‍ പെന്‍ഡുലം ബുക്‌സുമായി സഹകരിച്ച് നടത്തുന്ന ഓണ്‍ലൈന്‍ സാഹിത്യപ്രശ്‌നോത്തരിയില്‍ 2018 മെയ് മുതല്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികള്‍ പങ്കെടുക്കുന്നു. മുഴുദിന സംവാദപരിപാടിയായ ലെറ്റ്‌ബേറ്റ്, പുതുതലമുറക്കായി ഒരുക്കിയ ബ്ലൂംറീഡ്സ് എന്നിവ ചില്ലയുടെ വിവിധ പരിപാടികളാണ്. നവംബര്‍ വായനയില്‍ മനു എസ്. പിള്ളയുടെ 'ദ കോര്‍ട്ടിസാന്‍ ദ മഹാത്മ ആന്‍ഡ് ദ ഇറ്റാലിയന്‍ ബ്രാഹ്മിന്‍' എന്ന ചരിത്രാഖ്യാന പുസ്തകത്തിന്റെ വായനാനുഭവം അനസൂയ പങ്കുവച്ചു. 

മാധ്യമപ്രവര്‍ത്തകനും കവിയുമായ കെ.പി. റഷീദിന്റെ 'ലോക് ഡൗണ്‍ ഡേയ്സ്,- അടഞ്ഞ ലോകത്തിന്റെ ആത്മകഥ' എന്ന പുസ്തകം നജിം കൊച്ചുകലുങ്ക് അവതരിപ്പിച്ചു. ടി.ഡി. രാമകൃഷ്ണെന്റ 'മാമ ആഫ്രിക്ക'യുടെ വായനാസ്വാദനം കൊമ്പന്‍ മൂസ നടത്തി. ബീന, ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍, വിപിന്‍ കുമാര്‍, അമൃത സുരേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. സീബ കൂവോട് മോഡറേറ്ററായിരുന്നു. ഈ വര്‍ഷത്തെ ഖത്തര്‍ സംസ്‌കൃതി സിവി ശ്രീരാമന്‍ പുരസ്‌കാരം നേടിയ ബീനയെ ചില്ലയിലെ സഹഅംഗങ്ങള്‍ അനുമോദിച്ചു.

(ഫോട്ടോ: റിയാദിലെ ചില്ല സര്‍ഗവേദി സംഘടിപ്പിച്ച 'ഐന്റ വായന' കെ.ആര്‍. മീരയുടെ 'ഖബര്‍' എന്ന നോവല്‍ അവതരിപ്പിച്ച് പ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.)
 


 

Follow Us:
Download App:
  • android
  • ios