റിയാദ്: സ്മാർട്ട് സിറ്റി ഇൻഡക്സിന്റെ ആഗോള റാങ്കിങ്ങിൽ സൗദി അറേബ്യൻ തലസ്ഥാന നഗരമായ റിയാദിന്റെ റാങ്കുയർന്നു. ലോകത്തെ വിവിധ നഗരങ്ങളുടെ സൗകര്യങ്ങൾ പരിശോധിച്ച് ഉന്നത ജീവിത നിലവാരമുള്ള നഗരമെന്ന് കണ്ടെത്തി റാങ്കിങ് നിശ്ചയിക്കുന്ന സ്വിറ്റ്സർലാൻഡ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യുട്ട് ഫോർ മാനേജ്മെൻറ് ഡവലപ്മെൻറ് (ഐ.എം.ഡി) തയ്യാറാക്കുന്ന സ്മാർട്ട് സിറ്റി ഇൻഡക്സിന്റെ 2020ലെ പതിപ്പിലാണ് റിയാദ് പഴയ റാങ്കിൽ നിന്ന് 18 സ്ഥാനങ്ങൾ മറികടന്ന് ഉയരത്തിലെത്തിയത്. 

109 നഗരങ്ങളുടെ പട്ടികയിലാണ് 530ാം സ്ഥാനത്തേക്ക് റിയാദിന്റെ റാങ്ക് ഉയർന്നത്. ഓരോ നഗരത്തിലെയും ജനങ്ങളുടെ ഇടയിൽ ഓൺലൈനായി സർവേ നടത്തി ആരോഗ്യം, സുരക്ഷ, ഗതാഗതം, തൊഴിലവസരങ്ങൾ, ആക്ടിവിറ്റീസ്, ഭരണം എന്നീ വിഷയങ്ങളിലെ അവരുടെ സംതൃപ്തി ചോദിച്ചറിഞ്ഞാണ് സ്മാർട്ട് സിറ്റിയുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. നഗരവാസികളുടെ സംതൃപ്തിയുടെ അടിസ്ഥാനത്തിലാണ് 109 നഗരങ്ങളിൽ റിയാദ് 53-ാം സ്ഥാനത്തെത്തിയത്. അബൂദാബി 14 സ്ഥാനങ്ങളുയർന്ന് 42ാം റാങ്കിലും ദുബൈ രണ്ട് സ്ഥാനങ്ങളുയർന്ന് 43ാം റാങ്കിലുമെത്തി. വടക്കേ ആഫ്രിക്കയിലും മധ്യപൂർവേഷ്യയിലുമുള്ള നഗരങ്ങൾക്കിടയിൽ അബൂദാബി ഒന്നാം സ്ഥാനത്താണ് സ്മാർട്ട് സിറ്റി ഇൻഡക്സിൽ.