Gulf News : യുഎഇയില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴ; റോഡുകളില്‍ വെള്ളക്കെട്ട്
ഖോര്‍ഫഖാന്‍ ഉള്‍പ്പെടെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്‍ച ശക്തമായ മഴ ലഭിച്ചു.

ഷാര്‍ജ: യുഎഇയിലെ (UAE) ചില പ്രദേശങ്ങളില്‍ തിങ്കളാഴ്‍ച ശക്തമായ മഴ ലഭിച്ചു. ഖോര്‍ഫഖാനില്‍ (Khor Fakkan) റോഡിന് സമീപം വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. നിരവധിപ്പേര്‍ ഇവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ (Social Media) പങ്കുവെച്ചിട്ടുണ്ട്. പലയിടങ്ങളിലും റോഡുകളിലും വെള്ളക്കെട്ടുണ്ടായി.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയ്‍ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് നേരത്തെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ദൂരക്കാഴ്‍ച കുറയുമെന്നതിനാല്‍ ഡ്രൈവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി. കാറ്റിന് സാധ്യതയുണ്ടായിരുന്നതിനാല്‍ ഉറപ്പില്ലാത്ത നിര്‍മിതികളും മറ്റും തകര്‍ന്നുവീണേക്കുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.