അബുദാബി: 50കാരനെ ഹൈവേയില്‍ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്ന കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈവേയിലൂടെ കാറോടിച്ച് പോവുകയായിരുന്ന അറബ് പൗരനെ തടഞ്ഞുനിര്‍ത്തി 30,000 ദിര്‍ഹം കവര്‍ന്നുവെന്ന് അബുദാബി ക്രിമിനല്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ വ്യക്തമാക്കുന്നു. പ്രതികള്‍ രണ്ട് പേരും സഹോദരങ്ങളാണ്.

തങ്ങളുടെ കാര്‍ തകരാറിലായെന്ന വ്യാജേനയാണ് പ്രതികള്‍ അതുവഴി കടന്നുപോവുകയായിരുന്ന അറബ് പൗരനോട് സഹായം തേടിയത്. ഇയാള്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയതോടെ ഇരുവരും ചേര്‍ന്ന് ഇയാളെ പിടിച്ചുവെച്ചു. കൈകള്‍ രണ്ടും കൂട്ടിക്കെട്ടിയ ശേഷം പോക്കറ്റ് പരിശോധിച്ച് പണം കൈക്കലാക്കി. 30,000 ദിര്‍ഹം ഇയാളുടെ കൈവശമുണ്ടായിരുന്നു. പണവും മൊബൈല്‍ ഫോണും എടുത്ത് രക്ഷപെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് പ്രതികളെ പിടികൂടി. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇരുവരും കുറ്റം സമ്മതിച്ചു.