ധീരമായ ഇടപെടലിന് അംഗീകാരം; മൂന്ന് മലയാളികളെ ആദരിച്ച് ഒമാന്‍ പൊലീസ്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 14, Sep 2018, 7:20 AM IST
royal oman police honours three malayalees
Highlights

ജോലി ചെയ്തിരുന്ന ഹൈപ്പര്‍മാര്‍ക്കറ്റില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന മോഷണ ശ്രമമാണ് മൂന്ന് മലയാളികള്‍ ചേര്‍ന്ന് തകര്‍ത്തത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നേരത്തെ രണ്ട് തവണ മക്ക ഹൈപ്പര്‍മാര്‍ക്കറ്റില്‍ മോഷ്ടാക്കള്‍ കടന്നിരുന്നു. ഇതില്‍ ഒരു തവണ പണവും നഷ്ടമായി. 

മസ്‌കത്ത്: ഹൈപ്പര്‍മാര്‍ക്കറ്റിലെ മോഷണശ്രമം തടയുകയും പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്ത മലയാളികളെ റോയല്‍ ഒമാന്‍ പൊലീസ് ആദരിച്ചു. തര്‍മദിലെ മക്ക ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ കണ്ണൂര്‍ സ്വദേശി റയിസ്, കണ്ണൂര്‍ തില്ലേങ്കരി സ്വദേശി നൗഷാദ്, കോഴിക്കോട് വടകര സ്വദേശി രാജേഷ് എന്നിവരെയാണ് ഉന്നത ഉദ്ദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് മേധാവി ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ ഗൈലാനി ആദരിച്ചത്.

ജോലി ചെയ്തിരുന്ന ഹൈപ്പര്‍മാര്‍ക്കറ്റില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന മോഷണ ശ്രമമാണ് മൂന്ന് മലയാളികള്‍ ചേര്‍ന്ന് തകര്‍ത്തത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നേരത്തെ രണ്ട് തവണ മക്ക ഹൈപ്പര്‍മാര്‍ക്കറ്റില്‍ മോഷ്ടാക്കള്‍ കടന്നിരുന്നു. ഇതില്‍ ഒരു തവണ പണവും നഷ്ടമായി. ശനിയാഴ്ച പുലര്‍ച്ചെയാണ് താഴത്തെ നിലയിലുള്ള ഗ്ലാസ് ഡോറിന്റെ പൂട്ട്പൊളിച്ച് രണ്ട് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ഈ സമയത്ത് റയിസും നൗഷാദും രാജേഷും കടയ്ക്കുള്ളില്‍ സാധനങ്ങള്‍ അടുക്കിവെച്ചുകൊണ്ടിരിക്കുകയായിരുന്നു. പൂട്ട് പൊളിച്ച ശബ്ദം കേട്ട് ഇവര്‍ അവിടേക്ക് ഓടിയെത്തി. അകത്ത് ജീവനക്കാരുണ്ടെന്ന് മനസിലായ കള്ളന്മാര്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും മൂന്ന് പേരും ചേര്‍ന്ന് ഒരാളെ പിടികൂടുകയായിരുന്നു.

ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഒപ്പമുണ്ടായിരുന്ന പ്രതിയെയും പിന്നീട് പൊലീസ് പിടികൂടി. അല്‍ സുവൈഖ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൂട്ട് തകര്‍ക്കാനുള്ള ആയുധങ്ങളും മറ്റിടങ്ങളില്‍ നിന്ന് മോഷണം നടത്തിയ പണവും ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. മൂവരുടെയും ധീരമായ ഇടപെടലിന് ബ്രിഗേഡിയര്‍ ജനറല്‍ നന്ദി അറിയിച്ചു. 

loader