ദുബൈ: ദുബൈ മെട്രോ, ട്രാം സര്‍വീസുകളുടെ നടത്തിപ്പും പരിപാലനവും ഏറ്റെടുത്ത് നടത്തുന്നതിന് ഫ്രഞ്ച്-ജാപ്പനീസ് കണ്‍സോര്‍ഷ്യം കമ്പനിക്ക് കരാര്‍ നല്‍കിയതായി ദുബൈ  ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ ടി എ)അറിയിച്ചു. 54.2 കോടി ദിര്‍ഹത്തിന് അടുത്ത 15 വര്‍ഷത്തേക്കാണ് കരാര്‍ നല്‍കിയത്. 2021 സെപ്തംബര്‍ എട്ടു മുതല്‍ ഇവര്‍ക്കാണ് ചുമതല.

ഫ്രഞ്ച് കമ്പനി കിയോലിസ്, ജപ്പാന്റെ മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് എഞ്ചിനീയറിങ്, മിത്സുബിഷി കോര്‍പ്പറേഷന്‍ എന്നീ കമ്പനികളാണ് കണ്‍സോര്‍ഷ്യത്തിലുള്ളത്. ഒമ്പത് വര്‍ഷം തുടര്‍ച്ചയായും പിന്നീട് ഓരോ വര്‍ഷത്തേക്ക് പുതുക്കുന്ന രീതിയില്‍ ആറുവര്‍ഷവും ചേര്‍ത്താണ് 15 വര്‍ഷത്തെ കരാര്‍. വിലയിരുത്തലും നിരീക്ഷണവും ആര്‍ടിഎ തന്നെ നിര്‍വ്വഹിക്കും. ആര്‍ടിഎ പുറത്തിറക്കിയ പബ്ലിക് ടെന്‍ഡറിനെ തുടര്‍ന്നാണ് കരാര്‍. മികച്ച സാങ്കേതിക, സാമ്പത്തിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഫ്രഞ്ച്-ജാപ്പനീസ് കണ്‍സോര്‍ഷ്യത്തിന് കരാര്‍ ലഭിച്ചത്. യുകെ ആസ്ഥാനമായുള്ള സെര്‍കോ ഗ്രൂപ്പ് കമ്പനിയുമായി കരാര്‍ അവസാനിച്ച പശ്ചാത്തലത്തിലാണ് പുതിയ കരാര്‍. 2009ല്‍ ദുബൈ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ സെര്‍കോയ്ക്ക് ആയിരുന്നു ചുമതല.

ആര്‍ടിഎയ്ക്ക് വേണ്ടി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ബോര്‍ഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ ചെയര്‍മാന്‍ ഡയറക്ടര്‍ ജനറല്‍ മത്താര്‍ മുഹമ്മദ് അല്‍ തായറും കിയോലിസ് ഗ്രൂപ്പ് സിഇഒ മാരി ഏഞ്ചെ ഡെബോണ്‍, മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് എഞ്ചിനീയറിങിലെ നിക്ഷേപ, സേവനങ്ങളുടെ ഡയറക്ടര്‍ അക്കി ഹെയ്‌കോ നൊസാക്ക, മിത്സുബിഷി കോര്‍പ്പറേന്‍ ജനറല്‍ മാനേജര്‍ ടോറു കിമുര എന്നിവരും വിദൂരമായി കരാറില്‍ ഒപ്പിട്ടു.