എസി ഓൺ ചെയ്തായാൽ പോലും കുട്ടികളെ വാഹനങ്ങളില്‍ തനിച്ച് ഇരുത്തി പുറത്ത് പോകുന്നത് മരണത്തിന് വരെ ഇടയാക്കിയേക്കുമെന്നാണ് ആര്‍ടിഎയുടെ മുന്നറിയിപ്പ്.
ദുബൈ: കുറഞ്ഞ സമയത്തേക്കായാൽ പോലും കുട്ടികളെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്ന് ദുബൈ ആർടിഎയുടെ മുന്നറിയിപ്പ്. കടുത്ത ചൂട് കണക്കിലെടുത്ത് അപകടമൊഴിവാക്കാനാണ് ഇത്. എസി ഓൺ ചെയ്തായാൽ പോലും കുട്ടികളെ വാഹനങ്ങളില്‍ തനിച്ച് ഇരുത്തി പുറത്ത് പോകുന്നത് മരണത്തിന് വരെ ഇടയാക്കിയേക്കുമെന്നാണ് മുന്നറിയിപ്പ്.
കുട്ടികളെ സ്കൂളിൽ വിടാനും തിരികെ വിളിക്കാനും എത്തുന്ന രക്ഷിതാക്കളെ എടുത്തുപറഞ്ഞാണ് ദുബൈ ആർടിഎയുടെ മുന്നറിയിപ്പ്. കുട്ടികളെ വാഹനത്തിലിരുത്തി മിനിറ്റുകൾ മാത്രമാണെങ്കിലും പുറത്ത് പോകരുത്. ശ്വാസം മുട്ടലുണ്ടായി അതിവേഗം മരണം സംഭവിച്ചേക്കാം. എസി ഓൺ ചെയ്തിട്ട ശേഷമായാൽ പോലും ഇങ്ങനെ ചെയ്യരുതെന്നാണ് അറിയിപ്പ്. കടുത്ത ചൂട് കാലം കണക്കിലെടുത്ത് ദുബൈ ആർടിഎയുടെ പ്രത്യേക മുന്നറിയിപ്പ് ക്യാമ്പയിൻ തുടങ്ങിയിട്ടുണ്ട്.
കൊടുംചൂടിൽ വാഹനങ്ങളുടെ ടയറുകൾ പൊട്ടിത്തെറിച്ചും ചിലപ്പോൾ തീപിടിച്ചും അപകടങ്ങൾ ഉണ്ടാകാറുണ്ട്. ഇതൊഴിവാക്കാൻ ടയർ, എഞ്ചിൻ ഓയിൽ, കൂളന്‍റ്, എ സി എന്നിവ പ്രത്യേകം പരിശോധിക്കണം. വാഹനം കൃത്യമായി സർവ്വീസ് ചെയ്യണം. കടുത്ത വെയിലിൽ ദീർഘനേരം പാർക്ക് ചെയ്തിട്ട് പോകുന്നതും ഒഴിവാക്കണം. വേഗമേറിയ ഫ്രീവേകളിൽ വാഹനം പൊടുന്നനെ ബ്രേക്ക് ഡൗണാകുന്നതും വലിയ അപകടങ്ങൾക്കാണ് വഴിയൊരുക്കുക. വേനലിൽ ഇത്തരം അപകടങ്ങൾ കൂടുന്നത് കണക്കിലെടത്താണ് പ്രത്യേക മുന്നറിയിപ്പുകൾ നല്‍കിയത്.
