മസ്കത്ത്: 49-ാതാമത്‌  ദേശിയ ദിനം ആഘോഷിക്കുകയാണ് ഒമാന്‍.  മുസന്നയിലെ സൈദ് ബിൻ സുൽത്താൻ നേവൽബേസിൽ നടന്ന സായുധസേന പരേഡിൽ   ഭരണാധികാരി സുൽത്താൻ  ഖാബൂസ്  ബിൻ  സൈദ്  സല്യൂട്ട് സ്വീകരിച്ചു.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ  നടന്ന  ആഘോഷങ്ങൾ  നവംബർ 30  വരെ നീണ്ടു നിൽക്കും.

റോയൽ ആർമി  ഓഫ് ഒമാൻ, റോയൽ നേവി ഓഫ് ഒമാൻ (ആർ.ഒ.ഒ), റോയൽ ഗാർഡ് ഓഫ് ഒമാൻ (ആർഗോ), സുൽത്താന്റെ സ്പെഷ്യൽ ഫോഴ്സ് (എസ്എസ്എഫ്), റോയൽ ഒമാൻ പോലിസ്, റോയൽ കോർട്ട് അഫയേഴ്സ് (ആർസിഎ) എന്നി സായുധ സേനകളുടെ  സലൂട്ട്  ഭരണാധികാരി  സുൽത്താന്‍ ഖാബൂസ് സ്വീകരിച്ചു. ബാത്തിന ഗവര്‍ണറേറ്റിലെ മുസന്നയിലെ സൈദ് ബിൻ സുൽത്താൻ നേവൽബേസിൽ നടന്ന സായുധ സേനാ പരേഡിൽ രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ  വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാർ  തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

സുൽത്തൻ ഖാബൂസിന്റെ  ഭരണ പാടവവും രാജ്യത്തിന്റെ സുരക്ഷയും  വളർച്ചയും പൗരന്മാരുടെ  ജീവിത നിലവാരവും വളരെയധികം  മെച്ചപെട്ടതിന്റെ ആഹ്ളാദത്തിലാണ് സ്വദേശികളും ഒപ്പം വിദേശികളും. ഒമാനിന്റെ  വിവിധ  പ്രവശ്യകളിലും  മന്ത്രാലയങ്ങളിലും സ്വദേശികളും വിദേശികളും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശികളും വിദേശികളുമായ ജീവനക്കാർ രാവിലെ മുതൽ തന്നെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ആഘോഷങ്ങൾ  നവംബർ 30 വരെ നീണ്ടു നിൽക്കും.