ബാലിക്കാര്‍ വിശുദ്ധ വൃക്ഷമായി വിശ്വസിക്കുന്ന മരത്തിന് അടിയിലായിരുന്നു ഫോട്ടോഷൂട്ട് നടത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഫോട്ടോ നിമിഷങ്ങള്‍ക്കകം വൈറലായി. 

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ നഗ്ന ഫോട്ടോഷൂട്ട് നടത്തിയ റഷ്യന്‍ ദമ്പതികളെ നാടുകടത്തും. സോഷ്യല്‍ മീഡിയ താരമായ റഷ്യന്‍ യുവതി അലീന ഫസ്ലിവയെയും ഭര്‍ത്താവ് ആന്‍ഡ്രി ഫസ്ലീവിനെയുമാണ് നാടുകടത്തുക. 

ഇന്തോനേഷ്യയിലെ ബാലിക്കടുത്ത് തബനാന്‍ ജില്ലയിലെ പുരാതനമായ ക്ഷേത്രത്തിന് അടുത്തുള്ള 700 വര്‍ഷം പഴക്കമുള്ള ആല്‍മരത്തിന് സമീപം നഗ്നയായി നില്‍ക്കുന്ന അലീനയുടെ ഫോട്ടോ ഭര്‍ത്താവ് ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ബാലിക്കാര്‍ വിശുദ്ധ വൃക്ഷമായി വിശ്വസിക്കുന്ന മരത്തിന് അടിയിലായിരുന്നു ഫോട്ടോഷൂട്ട് നടത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഫോട്ടോ നിമിഷങ്ങള്‍ക്കകം വൈറലായി. 

ഇതിനെതിരെ ബാലിയിലെ ജനങ്ങള്‍ രംഗത്തെത്തുകയും വിനോദസഞ്ചാരികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇരുവരും പ്രാദേശിക മാനദണ്ഡങ്ങളെ ബഹുമാനിച്ചില്ലെന്ന് തെളിഞ്ഞതായി ബാലി ഇമിഗ്രേഷന്‍ മേധാവി ജമറുലി മണിഹുറുക് പറഞ്ഞു. കുറഞ്ഞത് ആറുമാസമെങ്കിലും ദമ്പതികള്‍ക്ക് ഇന്തൊനീഷ്യയില്‍ വിലക്കേര്‍പ്പെടുത്തുമെന്നും ജമറുലി അറിയിച്ചു. അതേസമയം ചെയ്ത് പോയത് തെറ്റാണെന്ന് തിരിച്ചറിയുന്നതായും ബാലിയിലെ പുണ്യസ്ഥലങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും അവ ബഹുമാനത്തോടെ കാണേണ്ടിയിരുന്നതായും ദമ്പതികള്‍ പിന്നീട് ഇന്‍സ്റ്റാഗ്രാമില്‍ അറിയിച്ചു.