ദോഹ: ദ്വിദിന സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കര്‍ ഞായറാഴ്‍ച ഖത്തറിലെത്തി. ഖത്തര്‍ ഡെപ്യൂട്ടി പ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്‍ദുല്‍ റഹ്‍മാന്‍ ബിന്‍ ജാസിം അല്‍ ഥാനിയുമായും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുമായും അദ്ദേഹം കൂടിക്കാഴ്‍ച നടത്തും. 

വിദേശകാര്യ മന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യമായാണ് എസ്. ജയ്‍ശങ്കര്‍ ഖത്തര്‍ സന്ദര്‍ക്കുന്നത്. ഉഭയകക്ഷി പ്രാധാന്യമുള്ള വിഷയങ്ങളിലും മേഖലയിലും അന്താരാഷ്‍ട്ര തലത്തിലും ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുള്ള പൊതുവിഷയങ്ങളിലും ചര്‍ച്ചകള്‍ നടത്തും. ഏഴ് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ താമസിക്കുന്ന ഖത്തറുമായി ഇന്ത്യ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 10.95 ബില്യന്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് നടത്തിയത്.