മനാമ: ത്രിരാഷ്‍ട്ര സന്ദര്‍ശനത്തിനായി ബഹ്റൈനിലെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ മനാമയിലെ പുരാതന ഹിന്ദു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ബഹ്റൈന്‍ തലസ്ഥാനത്തെ ശ്രീനാഥ്‍ജി ക്ഷേത്രത്തിലാണ് അദ്ദേഹം ബുധനാഴ്‍ച രാവിലെ ദര്‍ശനത്തിനെത്തിയത്. ഇന്ത്യയും ബഹ്റൈനും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഉറ്റ സൗഹൃദത്തിന്റെ സാക്ഷ്യമാണ് ഈ ക്ഷേത്രമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‍തു.

കഴിഞ്ഞ ദിവസമാണ് വിദേശകാര്യ മന്ത്രിയുടെ ത്രിരാഷ്‍ട്ര സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്. സ്ഥാനമേറ്റ ശേഷം ആദ്യമായി ബഹ്റൈനിലെത്തിയ അദ്ദേഹം ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്‍ദുല്‍ലതീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുമായി കൂടിക്കാഴ്‍ച നടത്തി. വ്യത്യസ്ഥ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെക്കുറിച്ച് ഇരു നേതാക്കുളും ചര്‍ച്ച നടത്തി. ബഹ്റൈന്‍ മുന്‍  പ്രധാനമന്ത്രി ഖലീഫാ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തില്‍ ഇന്ത്യയുടെ അനുശോചനവും എസ്. ജയ്ശങ്കര്‍ അറിയിച്ചു. 

ബഹ്റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് യുഎഇയിലെത്തുന്ന അദ്ദേഹം, യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാനുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഉഭയകക്ഷി സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും കൊവിഡ് സാഹചര്യത്തില്‍ പ്രവാസികളുടെ മടക്കം ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങളിലും ചര്‍ച്ചകളുണ്ടാകും. യുഎഇ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം സെയ്‌ഷെൽസിലേക്ക് തിരിക്കും.