തിരുവനന്തപുരം: ഗള്‍ഫിലെ മലയാളികളുടെയും ഇന്ത്യക്കാരുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര തലത്തില്‍ ഇടപെടല്‍ നടത്തണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് പി ടി കുഞ്ഞുമുഹമ്മദും ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയും ആവശ്യപ്പെട്ടു. ദുബായിലും അബുദാബിയിലും മറ്റും ബാച്ചിലേഴ്സ് മുറികളില്‍ താമസിക്കുന്നവര്‍ വലിയ ബുദ്ധിമുട്ട് നേരിടുകയാണ്. ഒരാള്‍ക്ക് അസുഖം കണ്ടെത്തിയാല്‍ മറ്റുള്ളവര്‍ക്ക് ക്വാറന്റൈന്‍ ചെയ്യപ്പെടാനും ഇടമില്ല.

ഇന്ത്യന്‍ മിഷന്‍ ഇടപെട്ട്  അടിയന്തിര സാഹചര്യങ്ങളില്‍ മാറി താമസിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. വലിയ ഹോട്ടലുകളിലോ അതു പോലുള്ള താമസ ഇടങ്ങളിലൊ താല്‍ക്കാലിക ക്യാമ്പ് ഒരുക്കുന്നതിന് ഇന്ത്യന്‍ മിഷന്‍ തയ്യാറാകണം. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നയതന്ത്ര കാര്യാലയം മുന്‍കൈയെടുക്കണമെന്നും വിദേശ കാര്യ മന്ത്രാലയം ഇതിനുള്ള നിര്‍ദ്ദേശം നല്‍കണമെന്നും കേരള പ്രവാസി സംഘം ആവശ്യപ്പെട്ടു.