Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ദുരിതം വിതച്ച് പൊടിക്കാറ്റ്; ആളൊഴിഞ്ഞ് ബീച്ചുകള്‍

വീശിയടിച്ച പൊടിക്കാറ്റില്‍ നിരവധിസ്ഥലങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരെയും കാറ്റ് ബാധിച്ചു. മരങ്ങളും താല്‍കാലിക നിര്‍മിതികളും തകര്‍ന്നുവീണു.

sand storm hits various parts of UAE
Author
Abu Dhabi - United Arab Emirates, First Published Mar 24, 2019, 3:53 PM IST

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ചയുണ്ടായ പൊടിക്കാറ്റിലും ചാറ്റല്‍മഴയിലും ജനജീവിതം ദുഃസഹമായി. കടലില്‍ ഒന്‍പത് അടിവരെ ഉയരത്തില്‍ തിരയടിച്ചതിനെ തുടര്‍ന്ന് ബീച്ചുകളില്‍ ജനത്തിരക്ക് കുറവായിരുന്നു. പ്രതികൂല കാലാവസ്ഥ പ്രവചിക്കപ്പെട്ടതിന് പിന്നാലെ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് അബുദാബി പൊലീസ് ഇന്നലെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

വീശിയടിച്ച പൊടിക്കാറ്റില്‍ നിരവധിസ്ഥലങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരെയും കാറ്റ് ബാധിച്ചു. മരങ്ങളും താല്‍കാലിക നിര്‍മിതികളും തകര്‍ന്നുവീണു. ദൂരക്കാഴ്ച കുറഞ്ഞത് വാഹനങ്ങള്‍ ഓടിക്കുന്നവരെയും ബുദ്ധിമുട്ടിലാക്കി. വിവിധയിടങ്ങളില്‍ വാഹനാപകടങ്ങളുമുണ്ടായി. ചൊവ്വാഴ്ച വരെ കാലാവസ്ഥ ഇങ്ങനെ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്

വിവിധ എമിറേറ്റുകളില്‍ മഴയ്ക്കും സാധ്യതയുണ്ട്. തണുപ്പ് കാലം അവസാനിക്കുന്നതിനാല്‍ കാലാവസ്ഥാ മാറ്റത്തോടനുബന്ധിച്ചുള്ള പ്രതിഭാസമാണിതെന്നാണ് വിദഗ്‍ധര്‍ അഭിപ്രായപ്പെടുന്നത്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവരും ജാഗ്രത പുലര്‍ത്തണം.

Follow Us:
Download App:
  • android
  • ios