സംഭവം നടക്കുമ്പോള്‍ താന്‍ വീട്ടില്‍ ഇല്ലായിരുന്നെന്നും പുറത്തുപോയി വന്നപ്പോള്‍ അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും ഭര്‍ത്താവ് സതീഷ് പറഞ്ഞു.
ഷാര്‍ജ: ഷാർജയിൽ കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിനി അതുല്യ(30) യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് ഭര്‍ത്താവ് സതീഷ്. താൻ പുറത്തുപോയി വന്നപ്പോള്‍ അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും അതുല്യക്ക് ജോലിക്ക് പോകാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തിരുന്നെന്നും സതീഷ് പറഞ്ഞു.
അതുല്യക്ക് ജോലിക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ പണവും ക്രൈഡിറ്റ് കാര്‍ഡും കൊടുത്തെന്നും വാഹനം ഏര്‍പ്പാടാക്കിയിരുന്നെന്നും സതീഷ് പറയുന്നു. താൻ ദിവസേന മദ്യപിക്കാറില്ല, വാരാന്ത്യത്തില്‍ മാത്രം മദ്യപിക്കും. ഷുഗര്‍ രോഗിയാണ് അതിന് മരുന്ന് കഴിക്കുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സുഹൃത്ത് വിളിച്ചപ്പോള്‍ അജ്മാനിൽ പോയതായിരുന്നു. പുറത്തുപോയപ്പോള്‍ അതുല്യ പല തവണ വിളിച്ചു. സാധാരണ ഇങ്ങനെ വിളിക്കാറുള്ളത് കാരണം കോൾ കട്ട് ചെയ്തു. പിന്നീട് വീഡിയോ കോള്‍ ചെയ്ത് ആത്മഹത്യ ചെയ്യാന്‍ പോകുന്നെന്ന് അതുല്യ പറഞ്ഞു. ഉടന്‍ തന്നെ വീട്ടിലെത്തിയെന്നും ഫ്ലാറ്റിലെത്തിയപ്പോള്‍ ഡോര്‍ തുറക്കാവുന്ന നിലയിലായിരുന്നെന്നും അകത്ത് കയറി നോക്കിയപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടതെന്നും സതീഷ് പറഞ്ഞു. അതുല്യയുടെ കാല്‍ മടങ്ങിയ നിലയിലായിരുന്നു. ഉടന്‍ തന്നെ 999ല്‍ വിളിച്ചു. പിന്നീട് പൊലീസ് വന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നെന്നും ഇയാൾ പറഞ്ഞു.
ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിലാണ് കഴിഞ്ഞ ദിവസം അതുല്യയെ കണ്ടെത്തിയത്. ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷിന്‍റെ ക്രൂര പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്നാണ് അതുല്യയുടെ കുടുംബത്തിന്‍റെ ആരോപണം. സതീഷിനെതിരെ യുവതിയുടെ കുടുംബം ചവറ തെക്കുംഭാഗം പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തു. കൊലപാതക കുറ്റം ചുമത്തിയാണ് അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ കേസെടുത്തത്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്‍റെ പേരിൽ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്. 10 വയസുള്ള മകൾ ഉണ്ട്. മകൾ അതുല്യയുടെ മാതാപിതാക്കൾ ഒപ്പം നാട്ടിലാണ്.

