സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടാണ് ഇന്ന് ആക്രമണമുണ്ടായത്. 

റിയാദ്: സൗദി അറേബ്യയില്‍ വെള്ളിയാഴ്‍ച വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. ഇറാന്റെ പിന്തുണയോടെ യെമനില്‍ നിന്ന് ഹൂതികള്‍ വിക്ഷേപിച്ച സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്‍തു. സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടാണ് ഇന്ന് ആക്രമണമുണ്ടായത്. 

ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേനയും അറിയിച്ചു. രാജ്യത്തെ സാധാരണ ജനങ്ങളെയും സിവിലിയന്‍ മേഖലകളെയും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിച്ചതായും ഇത്തരം ആക്രമങ്ങള്‍ നടത്താന്‍ ശ്രമിക്കുന്ന കേന്ദ്രങ്ങളെ നേരിടാനുള്ള എല്ലാ വഴികളും സ്വീകരിക്കുമെന്നും അറബ് സഖ്യസേന അറിയിച്ചു. തിങ്കളാഴ്‍ച അസീര്‍ പ്രവിശ്യയില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച രണ്ട് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തിരുന്നു.