റിയാദ്: ഇന്ത്യയിൽ മെഗാ ഓയിൽ റിഫൈനറിയുമായി സൗദിയും യു.എ.ഇയും. പ്രതിദിനം 12 ലക്ഷം ബാരൽ ഉൽപാദന ശേഷിയുള്ള വൻ എണ്ണ ശുദ്ധീകരണ ശാലയാണ് ഇരുരാജ്യങ്ങളുടെയും സംയുക്ത മുതൽമുടക്കിൽ സ്ഥാപിക്കുന്നത്. ഇന്ത്യയുടെ പടിഞ്ഞാറെ തീരമേഖലയിൽ മഹാരാഷ്ട്രയിൽ എണ്ണശുദ്ധീകരണ ശാലയും ആധുനിക പെട്രോകെമിക്കൽ ഫാക്ടറിയുമടങ്ങുന്ന ഒരു ബൃഹദ് കോംപ്ലക്സാണ് പണിയുന്നത്. ഇതുസംബന്ധിച്ച അന്തിമ കരാർ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരെന്റെ യുഎഇ സന്ദർശന വേളയിൽ കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. 

കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദർശനത്തിനിടെ ഇന്ത്യയും സൗദിയും ഈ വിഷയത്തിൽ പ്രാഥമിക കരാർ ഒപ്പുവെച്ചിരുന്നു. പദ്ധതിയിൽ മുതൽ മുടക്ക് സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയും യുഎഇയുടെ ദേശീയ എണ്ണ കമ്പനി അഡ്നോകും ചേർന്നാണെന്ന് അന്നേ തീരുമാനമായിരുന്നു. അതിന്റെ അന്തിമ ഉടമ്പടിയാണ് ഇപ്പോൾ ഒപ്പുവെച്ചിരിക്കുന്നത്. 262 ശതകോടി സൗദി റിയാലാണ് മുതൽമുടക്ക്. സൗദിയുടെ അസംസ്കൃത എണ്ണ പ്രതിദിനം ആറുലക്ഷം ബാരൽ ഈ ശുദ്ധീകരണ ശാലയിലെത്തും.