റിയാദ്: സൗദിയിൽ വിദേശികൾക്ക് സർക്കാർ അനുവദിക്കാനിരിക്കുന്ന ഗ്രീൻ കാർഡിന് തുല്യമായ ദീർഘകാല താമസ രേഖയുടെ നിരക്കുകൾ പ്രസിദ്ധീകരിച്ചു. ഓരോ വർഷത്തേക്കും പ്രത്യേക ഫീസാണ്. ഒരുവർഷത്തേക്കുള്ള സ്ഥിരം ഇഖാമയ്ക്കു ഒരു ലക്ഷം റിയാൽ മുൻകൂറായി അടയ്ക്കണം. രണ്ടു വർഷത്തേക്ക് 1,98,039 റിയാലും അഞ്ചു വർഷത്തേക്ക് 4,80,733 റിയാലുമാണ് ഫീസ്. പത്തു വർഷത്തേക്കുള്ള ഫീസ് 9,16,224 റിയാലാണ്.

ഒന്നിലധികം വർഷത്തേക്ക് മുൻകൂറായി പണമടയ്ക്കുന്നവർക്കു 2 ശതമാനം കുറവ് ലഭിക്കുമെന്ന് പ്രീമിയം റെസിഡൻസി സെന്റർ നേരത്തെ അറിയിച്ചിരുന്നു. പ്രീമിയം ഇഖാമ ലഭിക്കുന്ന വിദേശികൾക്ക് വീടുകളും വാഹനങ്ങളും സ്വന്തം പേരിൽ വാങ്ങാനും സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യാനും ഇഷ്ടാനുസരണം തൊഴിൽ മാറാനുമുള്ള അനുമതി കിട്ടും. രാജ്യത്തു നിന്ന് എപ്പോൾ വേണമെങ്കിലും പുറത്തുപോകുന്നതിനും മടങ്ങി വരുന്നതിനുമുള്ള സ്വാതന്ത്ര്യവും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

കൂടാതെ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും ബന്ധുക്കൾക്ക് വിസിറ്റ് വിസ എടുക്കുന്നതിനും സാധിക്കും. വ്യാപാര വ്യവസായ മേഖലയിൽ പ്രവർത്തിക്കാനുള്ള അനുമതി തുടങ്ങിയ പ്രത്യേക ആനുകൂല്യങ്ങളും പുതിയ നിയമം വിദേശികൾക്ക് നൽകുന്നുണ്ട്.