റിയാദ്: സ്വദേശികളും വിദേശികളുമടക്കം 374 അഴിമതിക്കാർക്കെതിരെ സൗദി അഴിമതി വിരുദ്ധ അതോറിറ്റി  നടപടി സ്വീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇവരെ പിടികൂടി ചോദ്യം ചെയ്യുകയും അനന്തര നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തതിലൂടെ 277 ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്തതായി അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. കുറ്റക്കാരെന്ന് തെളിയിക്കപ്പെട്ടവരെ ജുഡീഷ്വറിക്ക് കൈമാറുകയും കോടതികളിൽ അവർക്കെതിരെ കേസ് നടപടികൾ തുടരുകയുമാണ്. അവയിൽ പ്രധാനപ്പെട്ട കേസുകളും ഉൾപ്പെടും. 

റിയാദ് പ്രവിശ്യയിലെ ഒരു ഗവർണറേറ്റിന് കീഴിലുള്ള ഏതാനും ബലദിയ ജീവനക്കാർക്കെതിരായ അഴിമതി കേസാണ് ഇതിലൊന്ന്. ഇവരുടെ അഴിമതി സംബന്ധിച്ച് സംശയമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് പിടികൂടി ചോദ്യം ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ച് ജീവനക്കാരെ സംബന്ധിച്ച വിവരങ്ങളും അവരുടെ ബാങ്ക് അക്കൌണ്ടുകളും പരിശോധിച്ചു. ജീവനക്കാർ ഉയർന്ന തസ്തികയിലുള്ളവരാണ്. വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി. ശേഷം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രോസിക്യൂഷനിൽ നിന്ന് അവരെ പിടികൂടാനും അവരുടെ വീടുകൾ പരിശോധിക്കാൻ ഉത്തരവിട്ടു. പരിശോധനയിൽ 45,960,900 റിയാൽ, 3,60,000 വിദേശ കറൻസികൾ, 2,500,000 റിയാലിന്റെ ഭക്ഷ്യ സ്റ്റോർ ഷോപ്പിങ് പ്രീപെയ്ഡ് കാർഡുകൾ, 1,49,225 റിയാലിന്റെ ഇന്ധന പ്രീപെയ്ഡ് കാർഡുകൾ، അഞ്ച് ഗോൾഡ് ബാറുകൾ, ആറ് തോക്കുകൾ എന്നിവ കണ്ടെടുത്തായും അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. 

കൈക്കൂലി, വ്യാജരേഖ, നിയമവിരുദ്ധ വരുമാനം ലക്ഷ്യമിട്ട് പൊതുകാര്യാലയം സ്വാധീനം ഉപയോഗപ്പെടുത്തുക, സ്വകാര്യ താൽപര്യങ്ങൾക്കായി സർക്കാർ കരാറുകൾ ചൂഷണം ചെയ്യുക, പൊതുജനങ്ങളുടെ പണം തട്ടിയെടുക്കൽ, മുനിസിപ്പൽ വിഭവങ്ങൾ വ്യക്തിതാൽപര്യത്തിനും കള്ളപ്പണം വെളുപ്പിക്കലിനും ഉപയോഗിക്കുക എന്നീ കുറ്റങ്ങൾ പ്രതികൾ നടത്തിയതായി കണ്ടെത്തുകയും അംഗീകരിക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.