റിയാദ്: കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ബാധിച്ച സ്വകാര്യമേഖലയെയും സാമ്പത്തിക സംരംഭങ്ങളെയും സഹായിക്കുന്നതിന് പ്രഖ്യാപിച്ച അധിക സഹായ പാക്കേജുകള്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കി. പ്രതിസന്ധികളും അനന്തരഫലങ്ങളും കൈകാര്യം ചെയ്യാന്‍ ഗവണ്‍മെന്റ് നടത്തിവരുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണിത്. സഹായം നല്‍കലും ഇളവുകളും സ്വകാര്യ മേഖലയുടെ കുടിശിക വേഗത്തില്‍ അടച്ചുതീര്‍ക്കലും ഇതിലുള്‍പ്പെടും.

സഹായ പാക്കേജുകള്‍ക്ക് അംഗീകാരം നല്‍കിയ സല്‍മാന്‍ രാജാവിന് ധനകാര്യ, സാമ്പത്തികാസൂത്രണ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ജദ്ആന്‍ നന്ദി രേഖപ്പെടുത്തി. സ്വകാര്യ മേഖലയെ സഹായിക്കുന്നതിന് നിരവധി നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അതോടൊപ്പം വിവിധ വകുപ്പുകളിലും മേഖലകളിലും കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളെയും വെല്ലുവിളികളെയും കുറിച്ച് പഠനം തുടരുകയാണെന്നും സഹായങ്ങള്‍ നല്‍കി പ്രതിസന്ധി ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. പുതിയ ആശ്വസ പാക്കേജില്‍ സ്വകാര്യ മേഖലയുടെ കുടിശിക വേഗം തീര്‍ക്കല്‍, സബ്‌സിഡികള്‍, ഇളവുകള്‍ തുടങ്ങിയവ ഉള്‍പ്പെടും.