റിയാദ്: ഇനി ഒറ്റ വിസകൊണ്ട് സൗദിയും യുഎഇയും സന്ദർശിക്കാം. യൂറോപ്യൻ രാജ്യങ്ങളിലെ ഷെൻഗൻ വിസയ്ക്ക് സമാനമായ സംയുക്ത വിസ അനുവദിക്കാനാണ് സൗദിയുടെയും യുഎഇയുടെയും നീക്കം. പദ്ധതി അടുത്ത വർഷം പ്രാബല്യത്തിൽ വരും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെയും അധ്യക്ഷതയിൽ ചേർന്ന സൗദി- യുഎഇ ഏകോപന സമിതിയുടെ രണ്ടാമത് യോഗത്തിലാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ സംയുക്ത ടൂറിസ്റ്റ് വിസ അനുവദിക്കാൻ തീരുമാനമായത്.

ഇതിനായി സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജും യുഎഇ സാമ്പത്തിക മന്ത്രാലയവും നടപടികളെടുക്കും. അടുത്ത വർഷം സംയുക്ത വിസ അനുവദിച്ചു തുടങ്ങുമെന്ന് യുഎഇ സാമ്പത്തിക കാര്യ മന്ത്രി സുൽത്താൻ അൽ മൻസൂരി വ്യക്തമാക്കി. ഇരു രാജ്യങ്ങളിലും വിനോദ സഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥകളിൽ വിനോദ സഞ്ചാര മേഖലയുടെ സംഭാവന വർധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. 

പ്രതിവർഷം 2.2 കോടിയിലേറെ വിദേശ ടൂറിസ്റ്റുകൾ യുഎഇ സന്ദർശിക്കുന്നതായാണ് കണക്ക്. ഹജ്ജ്- ഉംറ തീർത്ഥാടകരടക്കം രണ്ടു കോടിയോളം പേര് പ്രതിവർഷം സൗദി സന്ദർശിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ഇരു രാജ്യങ്ങളും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശ ടൂറിസ്റ്റുകൾക്ക് സംയുക്ത വിസ നിലവിൽ വരുന്നത് ഏറെ പ്രയോജനകരമാകും.