Asianet News MalayalamAsianet News Malayalam

സൗദിയിൽ പുതിയതായി 147 പേർക്ക്​കൂടി കോവിഡ് സ്ഥിരീകരിച്ചു

രോഗബാധിതരിൽ 2163 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 38 പേർ മരിച്ചു. 551 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരിൽ 41 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

saudi arabia announces 147 new cases of covid 19 coronavirus
Author
Riyadh Saudi Arabia, First Published Apr 7, 2020, 1:50 PM IST

റിയാദ്​: സൗദി അറേബ്യയിൽ പുതിയതായി 147 പേർക്ക്​കൂടി കോവിഡ് ​19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2752 ആയി. കൊവിഡ് വിവരങ്ങള്‍ക്കായുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക വെബ്സൈറ്റാണ്​ ചൊവ്വാഴ്ച രാവിലെ 9.35ന്​ഈ വിവരം അറിയിച്ചത്​. രോഗബാധിതരിൽ 2163 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 38 പേർ മരിച്ചു. 551 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരിൽ 41 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

സൗദി അറേബ്യയിലെ കൂടുതൽ നഗരങ്ങളിലും മേഖലകളിലും 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. റിയാദ്, ദമ്മാം, തബൂക്ക്, ദഹ്റാൻ, ഹുഫൂഫ് എന്നീ നഗരങ്ങളിലും ജിദ്ദ, ത്വാഇഫ്, ഖത്വീഫ്, അൽഖോബാർ എന്നീ മേഖലകളിലുമാണ് നിരോധനാജ്ഞ 24 മണിക്കൂറായി ദീർഘിപ്പിച്ചത്. തിങ്കളാഴ്ച രാത്രി മുതൽ നിരോധനാജ്ഞ പ്രാബല്യത്തിലായി. അനിശ്ചിതകാലത്തേക്കാണ് കർഫ്യൂ എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  നിരോധനാജ്ഞ ഉള്ള ഭാഗങ്ങളിൽ താമസിക്കുന്നവർ ആ പ്രദേശം വിട്ട് സഞ്ചരിക്കാൻ പാടില്ല. പുറത്തുള്ളവർ അവിടങ്ങളിലേക്ക് കടക്കാനും പാടില്ല. 

ഭക്ഷണം, ആതുരശുശ്രൂഷ തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടില്ല. അതും രാവിലെ ആറിനും ഉച്ചക്ക് മൂന്നിനും ഇടയിലാകണം. ഈ സമയത്ത് വാഹനത്തിൽ സഞ്ചരിക്കാം. പക്ഷേ, വാഹനം ഓടിക്കുന്നയാൾ മാത്രമേ വാഹനത്തിൽ പാടുള്ളൂ. ആശുപത്രികൾ, ഫാർമസികൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പെട്രോൾ സ്റ്റേഷനുകൾ, ഗ്യാസ് സ്റ്റോറുകൾ, ബാങ്ക്, മെയിൻറനൻസ് സർവിസസ്, പ്ലമ്പിങ് ടെക്നീഷ്യന്മാർ, എയർകണ്ടീഷൻ ടെക്നീഷ്യന്മാർ, ജലവിതരണം, മാലിന്യ നീക്കം തുടങ്ങിയ മേഖലയിലെ സ്ഥാപനങ്ങൾക്കും ജോലിക്കാർക്കും മാത്രം നിരോധനാജ്ഞ ബാധകമാകില്ല. ആഭ്യന്തരമന്ത്രാലയം സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കും. അതനുസരിച്ച് തീരുമാനങ്ങളിൽ മാറ്റം വേണമെങ്കിൽ ആലോചിക്കും. എല്ലാവരും വീടുകളിൽ ഇരിക്കണം. കൂട്ടം കൂടരുത്. എല്ലാവരും ക്വാറന്റൈന്‍ സ്വയം പരിശീലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. 

 

Follow Us:
Download App:
  • android
  • ios