റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഏഴു വിദേശികൾ കൂടി മരിച്ചു. നാലു പേർ മക്കയിലും മൂന്നുപേർ ജിദ്ദയിലുമാണ് മരിച്ചത്. 39നും 87നും ഇടയിൽ  പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ ഇതുവരെയുള്ള ആകെ മരണ സംഖ്യ 191 ആയി. പുതിയ രോഗികളുടെ എണ്ണവും തിങ്കളാഴ്ച ഉയർന്നു. 

1645 ആളുകളിലാണ്  പുതുതായി രോഗം കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം ഇതോടെ 28656 ആയി. പുതിയ രോഗികളിൽ 87 ശതമാനം  പുരുഷന്മാരും 13 ശതമാനം സ്ത്രീകളുമാണ്. അതിൽ 19 ശതമാനം സൗദികളും 81 ശതമാനം വിദേശികളുമാണ്. നാല് ശതമാനം കുട്ടികളും മൂന്ന് ശതമാനം കൗമാരക്കാരും  93 ശതമാനം മുതിർന്നവരുമാണ്. 342 പേർ പുതുതായി സുഖം പ്രാപിച്ചു. 

രോഗമുക്തരുടെ എണ്ണം 4476 ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്ന 23989 ആളുകളിൽ 143 പേർ  ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 18 ദിവസം പിന്നിട്ടു.  വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിന്റെ പരിശോധന തുടരുകയാണ്.