Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ ഒരാഴ്‍ചയ്‍ക്കിടെ നടന്ന പരിശോധനകളില്‍ പിടിയിലായത് 17,598 പേര്‍

പിടിയിലാവരില്‍ 6,594 പേരും താമസ നിയമലംഘനങ്ങള്‍ നടത്തിയ പ്രവാസികളാണ്. 9,229 പേര്‍ അതിര്‍ത്തി ലംഘനങ്ങള്‍ക്കും 1,775 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. 

Saudi Arabia arrests 17598 illegals in a week
Author
Riyadh Saudi Arabia, First Published Sep 11, 2021, 9:43 PM IST

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ഒരാഴ്‍ചയ്‍ക്കിടയില്‍ 17,598 നിയമലംഘകര്‍ അറസ്റ്റിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് തൊഴില്‍, താമസ, അതിര്‍ത്തി നിയമലംഘകരെ പിടികൂടിയത്. വിവിധ സുരക്ഷാ ഏജന്‍സികളും ജവാസാത്തും സെപ്‍റ്റംബര്‍ രണ്ട് മുതല്‍ ഒന്‍പത് വരെ നടത്തിയ പരിശോധകളിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. 

പിടിയിലാവരില്‍ 6,594 പേരും താമസ നിയമലംഘനങ്ങള്‍ നടത്തിയ പ്രവാസികളാണ്. 9,229 പേര്‍ അതിര്‍ത്തി ലംഘനങ്ങള്‍ക്കും 1,775 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അയല്‍ രാജ്യങ്ങളില്‍ നിന്ന് അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് സൗദി അറേബ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച 202 പേരാണ് ഇക്കാലയളവില്‍ സുരക്ഷാ സേനകളുടെ പിടിയിലായത്.  ഇവരില്‍ 48 ശതമാനം പേര്‍ യെമനികളും 49 ശതമാനം എത്യോപ്യക്കാരുമാണ്. മൂന്ന് ശതമാനമാണ് മറ്റ് രാജ്യക്കാര്‍. സൗദിയില്‍ നിന്ന് അനധികൃതമായി അതിര്‍ത്തി കടന്ന് മറ്റ് രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 21 പേര്‍ അറസ്റ്റിലായി. നിയമലംഘകര്‍ക്ക് താമസ സൗകര്യങ്ങളും യാത്രാ സംവിധാനങ്ങളും ഒരുക്കി നല്‍കിയതിന് 12 പേരെയും അധികൃതര്‍ പിടികൂടിയിട്ടുണ്ട്.

ഇപ്പോള്‍ പിടിയിലായവരടക്കം 83,118 പേരാണ് ശിക്ഷ കാത്ത് കഴിയുന്നത്. ഇവരില്‍ 71,456 പേര്‍ പുരുഷന്മാരും 11,662 പേര്‍ സ്‍ത്രീകളുമാണ്. നാടുകടത്തുന്നതിന് മുന്നോടിയായി രേഖകള്‍ ശരിയാക്കുന്നതിന് 65,186 പേരുടെ വിവരങ്ങള്‍ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios