റിയാദ്: അഴിമതി കേസിൽ സൗദി അറേബ്യയിൽ മുൻ മേജർ ജനറലടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. അഴിമതിയുമായി ബന്ധപ്പെട്ട പന്ത്രണ്ടോളം ക്രിമിനൽ കേസുകളെടുത്തെന്നും പ്രതികളെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ പൂർത്തിയാക്കി കൊണ്ടിരിക്കയാണെന്നും സൗദി അഴിമതി വിരുദ്ധ അതോറിറ്റി അറിയിച്ചു. 

രാജ്യസുരക്ഷാ വിഭാഗത്തിൽ നിന്ന് വിരമിച്ച മേജർ ജനറൽ, വ്യാവസായ പ്രമുഖർ, റെഡ് ക്രസന്റ് അതോറിറ്റിയിലെ സാമ്പത്തിക വിഭാഗം മേധാവി, മുൻ അംബാസഡർമാർ, സക്കാത്ത് ആൻഡ് ടാക്സ് ഉദ്യോഗസ്ഥൻ, കോടതി ഉദ്യേഗസ്ഥൻ, യൂനിവേഴ്സിറ്റി ജീവനക്കാരൻ, ബലദിയ മുൻ മേധാവി, പാസ്പോർട്ട് ഉദ്യോഗസ്ഥൻ, നാവികസേന ഉദ്യേഗസ്ഥർ, നാർകോട്ടിക് കൺട്രോൾ ദേശീയ സമിതി മുൻ ജനറൽ സെക്രട്ടറി തുടങ്ങിയവരാണ് പിടിയിലായത്. 

ഇവരെ കൂടാതെ ചില സ്വദേശി പൗരന്മാരും  വിദേശികളും കേസിലെ പ്രതികളാണ്. കൈക്കൂലി, പദവികൾ ദുരുപയോഗം ചെയ്യൽ, പൊതുമുതൽ കൈയ്യേറുക തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലാണ് കേസ്. ബ്രിഗേഡിയറും മേജർ ജനറലും ഉപദേഷ്ടാവും രണ്ട് ബിസിനസുകാരും രണ്ട് അറബ് വംശജരും ആഭ്യന്തര മന്ത്രാലയത്തിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് നടത്തിയ ക്രമക്കേടിലും സാമ്പത്തിക ഇടപാടിലുമാണ് പിടിയിലായത്. 23,485,000 റിയാലിന്റെ ഇടപാടിൽ ഒരു കോടി 10 ലക്ഷം റിയാലാണ് ഇവർ തട്ടിയെടുത്തത്. 

ഭൂമി വാങ്ങിയ കേസിലാണ് റെഡ് ക്രസന്റ് സാമ്പത്തിക വിഭാഗം ഡയറക്ടർ ജനറൽ കുടുങ്ങിയത്. നികുതിയടക്കാതെ സിഗരറ്റ് ഇറക്കുമതി നടത്താൻ കൂട്ടുനിന്നതിന് മൂന്ന് സൗദി പൗരന്മാരെയും മൂന്നു വിദേശികളെയും പിടികൂടിയപ്പോൾ 3000 റിയാൽ വീതം കൈപ്പറ്റി 203 വിസകൾ നിയമവിരുദ്ധമായി ഇഷ്യു ചെയ്യാൻ കൂട്ടുനിന്നതിനാണ് വിദേശകാര്യ മന്ത്രാലയത്തിലെ മുൻ ഉന്നതോദ്യോഗസ്ഥൻ അറസ്റ്റിലായത്.