റിയാദ്: സൗദിയിലുള്ള വിദേശികളിൽ നിന്നും ഈ വർഷത്തെ ഹജ്ജിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂലൈ ആറ് മുതൽ 10 വരെ അഞ്ച് ദിവസമാണ് അപേക്ഷിക്കാനുള്ള അവസരം. ഹജ്ജ് മന്ത്രാലയത്തിന്റെ localhaj.haj.gov.sa എന്ന വെബ്സൈറ്റ് മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്. നേരത്തെ ഹജ്ജ് നിർവഹിച്ചവർക്ക് അപേക്ഷിക്കാൻ അവസരമില്ല. 

20 മുതൽ 50 വരെ പ്രായമുള്ളവർക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം. കോവിഡ് രോഗബാധിതർ, പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം, മാനസിക പ്രശ്നങ്ങൾ എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാൻ അനുവാദമില്ല. അപേക്ഷയിൽ മുഴുവൻ വിവരങ്ങളും കൃത്യമായിരിക്കണം. നൽകുന്ന വിവരങ്ങളിൽ എന്തെങ്കിലും അപാകതകൾ കണ്ടെത്തിയാൽ അപേക്ഷ നിരസിക്കും. അപേക്ഷിക്കുന്നവർക്കെല്ലാവർക്കും അവസരം ലഭിക്കണമെന്നില്ല. ഹജ്ജ് മന്ത്രാലയം അപേക്ഷകളിൽ സൂക്ഷ്‍മ പരിശോധന നടത്തിയതിനു ശേഷം അനുവാദമുള്ളവർക്ക് അവരുടെ മൊബൈൽ ഫോണിലേക്ക് മെസേജ് അയക്കുമെന്നും ഇത്തരത്തിൽ മെസേജ് ലഭിച്ചവർക്ക് മാത്രമായിരിക്കും ഹജ്ജിന് അവസരമുണ്ടാവുക എന്നും ഹജ്ജ് മന്ത്രാലയം അറിയിച്ചു.