Asianet News MalayalamAsianet News Malayalam

കോവിഡ് വ്യാപനത്തിൽ ഇറാനെ കുറ്റപ്പെടുത്തി സൗദി മന്ത്രിസഭ

കോവിഡ് 19 വ്യാപനം അവലോകനം ചെയ്യുമ്പോഴായിരുന്നു ഇറാനെതിരെ ശക്തമായ വിമർശന സ്വരം ഏകകണ്ഠമായി ഉയർന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇറാനിലും രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര മര്യാദകൾ പാലിക്കാതെ ഇറാൻ നിരുത്തരവാദ നയം സ്വീകരിച്ചതെന്ന് യോഗം കുറ്റപ്പെടുത്തി. 

saudi arabia blames iran for causing the covid 19 spread in kingdom
Author
Riyadh Saudi Arabia, First Published Mar 11, 2020, 5:05 PM IST

റിയാദ്: ഗൾഫിലെ കോവിഡ് വ്യാപനത്തിൽ ഇറാന് പങ്കുണ്ടെന്ന് ആരോപിച്ച് സൗദി മന്ത്രിസഭ. സൗദി പൗരന്മാരെ പാസ്പോർട്ടിൽ എമിഗ്രേഷൻ മുദ്ര പതിപ്പിക്കാതെ ഇറാനിൽ പ്രവേശനാനുമതി നൽകിയതാണ് ഇതിന് കാരണമെന്ന് ചൊവ്വാഴ്ച റിയാദിലെ അൽയമാമ കൊട്ടാരത്തിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അഭിപ്രായപ്പെട്ടു. നിരുത്തരവാദ നടപടിയെ യോഗം ശക്തമായ ഭാഷയിൽ അപലപിച്ചു. 

കോവിഡ് 19 വ്യാപനം അവലോകനം ചെയ്യുമ്പോഴായിരുന്നു ഇറാനെതിരെ ശക്തമായ വിമർശന സ്വരം ഏകകണ്ഠമായി ഉയർന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇറാനിലും രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര മര്യാദകൾ പാലിക്കാതെ ഇറാൻ നിരുത്തരവാദ നയം സ്വീകരിച്ചതെന്ന് യോഗം കുറ്റപ്പെടുത്തി. ഗൾഫ് മേഖലയിൽ രോഗം പടരാൻ ഇറാന്റെ ഈ നിരുത്തരവാദിത്വം കാരണമായി. അതുകൊണ്ട് തന്നെ ഇതിന്റെ പൂർണമായ ഉത്തരവാദിത്വം ഇറാനാണെന്നും മന്ത്രിസഭ ശക്തമായ ഭാഷയിൽ അഭിപ്രായപ്പെട്ടു. 

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഖത്വീഫിൽ സ്വീകരിച്ച മുൻകരുതൽ അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. സ്വദേശികളും വിദേശികളും ഇതിനോട് സഹകരിക്കണമെന്നും യോഗം അഭ്യർഥിച്ചു. ലോകാരോഗ്യ സംഘടനയുടെ അഭ്യർഥന മാനിച്ച് ഒരു കോടി ഡോളർ സംഭാവന നൽകിയ സൗദിയുടെ നിലപാടിനെ മന്ത്രിസഭ പ്രശംസിച്ചു. സൗദിയുടെ മാനുഷിക വിഷയങ്ങളിലെ താൽപര്യവും കോവിഡ് വ്യാപനം തടയുന്നതിന് നൽകുന്ന വലിയ സഹകരണവും പ്രതിഫലിപ്പിക്കുന്നതാണ് ഈ സഹായമെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു. ടൂറിസം, വിവര സാങ്കേതികവിദ്യ എന്നിവക്ക് വേണ്ടി പ്രത്യേകം അതോറിറ്റി രൂപവത്കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

Follow Us:
Download App:
  • android
  • ios