റിയാദ്: ഉംറ പുനരാരംഭിക്കുന്നതിനെക്കുറിച്ച്​ ആലോചിക്കാൻ സൗദി അറേബ്യ ഉന്നത സമിതി രൂപീകരിച്ചു. വിവിധ മന്ത്രാലയങ്ങളും മക്ക, മദീന മേൽനോട്ട അതോറിറ്റിയും ചേർന്നാണ്​ ഉന്നത സമിതി രൂപീകരിച്ചത്​​. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊതുസുരക്ഷ വകുപ്പ് എന്നിവയാണ് ഇരുഹറം മേൽനോട്ട അതോറിറ്റിക്ക് പുറമെ ഉന്നത സമിതിയിൽ ഉൾപെട്ടിട്ടുള്ളത്. 

ആദ്യം സൗദി അറേബ്യയിൽ നിന്നുള്ള തീർഥാടകർക്കാണ് ഉംറക്ക് അനുമതി നൽകുക. വിദേശ തീർഥാടകരെ സ്വീകരിച്ചുതുടങ്ങുന്ന സമയം നിശ്ചയിച്ചിട്ടില്ല. ഉംറ ഉദ്ദേശിക്കുന്നവർ കോവിഡ് മുക്തരാണെന്ന പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഉംറ ഉദ്ദേശിക്കുന്നവർക്ക് അപേക്ഷിക്കാൻ പ്രത്യേക ആപ്പ് തയ്യാറാക്കും. ഈ ആപ്പ് വഴി അപേക്ഷ നൽകി അനുമതി കരസ്ഥമാക്കണം. 

നിർണിത തീർഥാടകർക്ക് അധികൃതർ നിശ്ചയിച്ച സമയത്താണ് ഉംറക്ക് അനുമതി ലഭിക്കുക. കഴിഞ്ഞ ഹജ്ജ് സീസണിൽ സ്വീകരിച്ച പ്രോട്ടോകോളുകൾ ഉംറ തീർഥാടകർക്കും ബാധകമായിരിക്കും എന്നിവയാണ് നിബന്ധനകൾ. തീർഥാടകർക്ക് ഏറ്റവും സുരക്ഷിതവും സുഗമവുമായ സേവനം നൽകാനാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇത്തരം നിബന്ധനകളിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.