റിയാദ്: സൗദിയില്‍ ഹജ്ജ് ഒരുക്കങ്ങൾ പൂർത്തിയായി. ഇനി മുതല്‍ തീർത്ഥാടകരുടെ ടെന്‍റുകളിൽ ഭക്ഷണം പാചകം ചെയ്യാൻ അനുവദിക്കില്ല. ഗ്യാസ് സിലിണ്ടറിന് ടെന്‍റുകളിൽ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഹജ്ജിനോട് അനുബന്ധിച്ച് ടെന്‍റുകള്‍ക്ക് പുറമെ പുണ്യ സ്ഥലങ്ങളിലെ സർക്കാർ ഓഫീസുകളിലും ഗ്യാസ് സിലണ്ടറുകൾക്കു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. എല്ലാത്തരത്തിലുമുള്ള ഗ്യാസ് സിലണ്ടറുകൾ ഉപയോഗിക്കുന്നതിനും പുണ്യസ്ഥലങ്ങളിലേക്കു പ്രവേശിപ്പിക്കുന്നതിനും നിരോധനം ബാധകമാണെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി.

ടെന്‍റുകളിൽ ഭക്ഷണം പാകം ചെയ്യുന്നതും ചൂടാക്കുന്നതും നിയമ ലംഘനമാണെന്ന് സിവിൽ ഡിഫൻസ് വ്യക്താവ് ലെഫ്. കേണൽ മുഹമ്മദ് അൽ ഹമ്മാദി പറഞ്ഞു. ഹജ്ജ് സർവീസ് കമ്പനികളും ഹജ്ജ് മിഷനും സന്നദ്ധ സംഘടനകളും ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫൻസ് വ്യക്താവ് ഓർമ്മിപ്പിച്ചു.