Asianet News MalayalamAsianet News Malayalam

സിനിമ പ്രദര്‍ശനം മാത്രമല്ല; ജീവിത നിലവാരം ഉയർത്താന്‍ സൗദിയില്‍ പുതിയ പദ്ധതികള്‍

നാല് പതിറ്റാണ്ടിന് ശേഷം സിനിമ പ്രദര്‍ശിപ്പിച്ചു തുടങ്ങിയ സൗദി അറേബ്യ സാംസ്കാരിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് വഴിയൊരുക്കുകയാണ്

saudi arabia have new plans for arts
Author
Riyadh Saudi Arabia, First Published Aug 20, 2019, 12:13 AM IST

റിയാദ്: സൗദിയില്‍ ജീവിത നിലവാരം ഉയർത്തുന്നതിനായി പുതിയ പദ്ധതികള്‍. കലാ സാംസ്കാരിക അക്കാദമികൾ സ്ഥാപിച്ച് ജിവീത നിലവാരം ഉയര്‍ത്താനുള്ള തീരുമാനത്തിലാണ് സൗദി. സാംസ്കാരിക മന്ത്രാലയത്തിന്‍റെ 21 ഇന പദ്ധതികളുടെ ഭാഗമായാണ് അക്കാദമികൾ സ്ഥാപിക്കുന്നത്.

നാല് പതിറ്റാണ്ടിന് ശേഷം സിനിമ പ്രദര്‍ശിപ്പിച്ചു തുടങ്ങിയ സൗദി അറേബ്യ സാംസ്കാരിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് വഴിയൊരുക്കുകയാണ്. ജീവിത നിലവാരം ഉയർത്തുന്നതിന്‍റെ ഭാഗമായി കലാ സാസ്കാരിക അക്കാദമികൾ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി സാംസ്കാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല ഫർഹാൻ തന്നെയാണ് അറിയിച്ചത്.

വൈവിധ്യമാർന്ന കലകൾ, കഴിവുകൾ എന്നിവയിൽ സമ്പന്നമാണ് രാജ്യം. കലകളിൽ അക്കാദമിക യോഗ്യത നേടുന്നതിന് ഈ ചുവടുവയ്പ് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ രണ്ട് അക്കാദമികളാണു സ്ഥാപിക്കുന്നത്. പൈതൃകം, പരമ്പരാഗത കലകൾ, കരകൗശല വസ്തുക്കൾ എന്നിവയിൽ വൈദഗ്ധ്യം നേടുന്നതിന് വേണ്ടിയുള്ള സ്ഥാപനമാണ് ഒന്ന്. അടുത്ത വര്‍ഷത്തോടെ ഇതിന് തുടക്കമിടും.

1000 വിദ്യാർഥികളും പരിശീലകരും ഉൾക്കൊള്ളുന്ന ഹ്രസ്വ - ദീർഘ പദ്ധതികൾ ഈ രംഗത്ത് ആവിഷ്കരിക്കും. 2021 ഓടെ ആരംഭിക്കുന്ന സംഗീതത്തിന് വേണ്ടി മാത്രമുള്ള അക്കാദമിയാണ് മറ്റൊന്ന്. ഇവിടെയും 1000 വിദ്യാർഥികൾക്കുള്ള സംവിധാനങ്ങളാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക. സൗദിയിലെ സാംസ്കാരിക രംഗത്തെ സ്ഥിതിയും ആവശ്യകതയും പരിഗണിച്ച് വിപുലമായ പഠനം നടത്തി ഈ രംഗത്ത് വൈദഗ്ധ്യമുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘാടകര്‍.

Follow Us:
Download App:
  • android
  • ios