വൻതോതിലുള്ള മയക്കുമരുന്ന് ശേഖരവുമായി ഒരു ഏഷ്യൻ പൗരനെ കുവൈത്തിൽ അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റ് നടന്നത്. നിയമപരമായ വാറണ്ട് നേടി സുരക്ഷാ സേന ഇയാളുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തിയാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. 

കുവൈത്ത് സിറ്റി: കുവൈത്തിൽ വിതരണം ചെയ്യാനായി സൂക്ഷിച്ച വൻതോതിലുള്ള മയക്കുമരുന്ന് ശേഖരവുമായി ഒരു ഏഷ്യൻ പൗരനെ അറസ്റ്റ് ചെയ്തതായി ക്രിമിനൽ സെക്യൂരിറ്റി സെക്ടറിനെ പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. പ്രതിയുടെ കൈവശം മയക്കുമരുന്നുണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വിവരം സ്ഥിരീകരിച്ച ശേഷം നിയമപരമായ വാറണ്ട് നേടി സുരക്ഷാ സേന ഇയാളുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തി.

റെയ്ഡിൽ ഏകദേശം ഏഴ് കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. ഇതിൽ അഞ്ച് കിലോഗ്രാം ഹെറോയിനും രണ്ട് കിലോഗ്രാം മെത്താംഫെറ്റാമൈനും ഉൾപ്പെടുന്നു. കൂടാതെ മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന രണ്ട് അളവ് യന്ത്രങ്ങളും പിടിച്ചെടുത്തു. പ്രതിയെയും പിടിച്ചെടുത്ത സാധനങ്ങളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയം അറിയിച്ചു. സമൂഹത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാവുകയോ ഈ അപകടകരമായ വിപത്ത് പ്രചരിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന ആരെയും ദാക്ഷിണ്യം കൂടാതെ പിന്തുടരുമെന്നും, നിയമം കുറ്റവാളികളെ അവർ എവിടെയായിരുന്നാലും പിടികൂടുമെന്നും നിരീക്ഷണവും തുടർനടപടികളും 24 മണിക്കൂറും തുടരുകയാണെന്നും മന്ത്രാലയം ഉറപ്പിച്ചു പറഞ്ഞു.