റിയാദ്: സൗദി അറേബ്യയില്‍ കര്‍ഫ്യൂ ഇളവ് മെയ് 22 വരെ നീട്ടി. അതേസമയം, റമദാന്‍ 30(മെയ് 23) മുതല്‍ ശവ്വാല്‍ നാല്(മെയ് 27) വരെ രാജ്യത്തിന്‍റെ എല്ലാ പ്രവിശ്യകളിലും സമ്പൂര്‍ണ കര്‍ഫ്യൂ ആയിരിക്കും. 

പതിനേഴ് ദിവസത്തേക്കായിരുന്നു നേരത്തെ കര്‍ഫ്യൂ ഇളവ് പ്രഖ്യാപിച്ചിരുന്നത്. കര്‍ഫ്യൂ ഇളവ് നീട്ടിയതോടെ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ പുറത്തിറങ്ങാനാവുന്നത് അടക്കമുള്ള രീതികള്‍ തുടരും. വ്യാഴാഴ്‌ച മുതല്‍ റമദാന്‍ 29 വെള്ളിയാഴ്‌ച(മെയ് 22) വരെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ ആളുകള്‍ക്ക് പുറത്തിറങ്ങാം. എന്നാല്‍ സ്വദേശികളും വിദേശികളും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരിക്കണം. 

അതേസമയം, മക്കയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരും എന്നാണ് അറിയിപ്പ്. പൂര്‍ണമായും അടച്ചിട്ടതായി പ്രഖ്യാപിച്ച ഏതാനും ഇടങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. 

സൗദി അറേബ്യയിൽ കൊവിഡ് 19 ബാധിച്ച് ചൊവ്വാഴ്ച ഒമ്പത് പേർ മരിച്ചു. രണ്ട് സൗദി പൗരന്മാരും ബാക്കി വിവിധ രാജ്യക്കാരുമാണ്. നാലുപേർ വീതം മക്ക, ജിദ്ദ എന്നിവിടങ്ങളിലും ഒരാൾ വാദി ദവാസിറിലുമാണ് മരിച്ചത്. വാദി ദവാസിറിൽ ഇതാദ്യമായാണ് മരണം രേഖപ്പെടുത്തുന്നത്. 26നും 64നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 264 ആയി. 

Read more: സൗദിയില്‍ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; തിയ്യതികള്‍ അറിയാം