Asianet News MalayalamAsianet News Malayalam

പ്രവാസി തൊഴിലാളികള്‍ക്ക് യോഗ്യതാ പരീക്ഷ തുടങ്ങി; പ്രൊഫഷണലുകള്‍ക്ക് പരീക്ഷ നിര്‍ബന്ധമാകും

അതത് മേഖലകളിലെ പ്രാവീണ്യം പരിശോധിക്കുന്ന തിയറി, പ്രാക്ടിക്കല്‍ പരിശോധനകളുണ്ടാകും. ഏത് ജോലിക്കായാണോ രാജ്യത്തേക്ക് വരുന്നത് അതിനാവശ്യമായ അടിസ്ഥാന നൈപ്യുണ്യം ഉണ്ടെന്ന് ഇതിലൂടെ ഉറപ്പുവരുത്തും. രണ്ട് തലങ്ങളിലായാണ് പരിശോധനാ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

saudi arabia introduced mandatory skill test for expatriate professionals in the country
Author
Riyadh Saudi Arabia, First Published Mar 8, 2021, 10:00 PM IST

റിയാദ്: സൗദി അറേബ്യയില്‍ വിദഗ്ധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള പ്രൊഫഷണല്‍ ടെസ്റ്റ് പ്രോഗ്രാമിന് തുടക്കമായി. മതിയായ യോഗ്യതയും തൊഴില്‍ നൈപുണ്യവുമുള്ള വിദേശികളെ മാത്രം രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യാനും യോഗ്യതകളില്ലാത്തവരെ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് നടപടി. 

തൊഴില്‍ രംഗത്തെ ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് പരീക്ഷാ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. വിദേശ മന്ത്രാലയം, സാങ്കേതിക വിദ്യാഭ്യാസ - തൊഴില്‍ പരീശീലന കോര്‍പറേഷന്‍ എന്നിവയുമായി സഹകരിച്ച് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന  മന്ത്രാലയമാണ് പരീക്ഷ നടത്തുന്നത്. 

അതത് മേഖലകളിലെ പ്രാവീണ്യം പരിശോധിക്കുന്ന തിയറി, പ്രാക്ടിക്കല്‍ പരിശോധനകളുണ്ടാകും. ഏത് ജോലിക്കായാണോ രാജ്യത്തേക്ക് വരുന്നത് അതിനാവശ്യമായ അടിസ്ഥാന നൈപ്യുണ്യം ഉണ്ടെന്ന് ഇതിലൂടെ ഉറപ്പുവരുത്തും. രണ്ട് തലങ്ങളിലായാണ് പരിശോധനാ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

പുതിയതായി രാജ്യത്തേക്ക് വരുന്ന പ്രൊഫഷണലുകള്‍ക്ക് അവരുടെ നാട്ടില്‍ വെച്ചുതന്നെ പരീക്ഷ നടത്തി യോഗ്യത ഉറപ്പാക്കുന്നതാണ് ആദ്യതലം. ഇതിനായി അന്താരാഷ്‍ട്ര പരീക്ഷാ ഏജന്‍സികള്‍ വഴി സംവിധാനമുണ്ടാക്കും. നിലവില്‍ സൗദിയില്‍ ജോലി ചെയ്യുന്നവര്‍ക്കായാണ് രണ്ടാമത്തെ തലത്തിലുള്ള പരീക്ഷാ സംവിധാനം. അംഗീകൃത പ്രാദേശിക പരീക്ഷാ  കേന്ദ്രങ്ങളുമായി സഹകരിച്ചായിരിക്കും ഇത്. രാജ്യത്തുള്ള എല്ലാ പ്രൊഫഷണല്‍ തൊഴിലാളികളെയും പരീക്ഷക്ക് വിധേയമാക്കണമെന്ന് എല്ലാ സ്ഥാപനങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ജീവനക്കാരുടെ എണ്ണത്തിന് അനുസരിച്ച് വരുന്ന ജൂലൈ മുതല്‍ പ്രൊഫഷണല്‍ പരീക്ഷ രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും നിര്‍ബന്ധമാക്കും. വിദേശത്ത് നിന്നെത്തുന്നവരുടെ വിസാ സ്റ്റാമ്പിങ് പരീക്ഷയുമായി ബന്ധിപ്പിക്കും. ഇത് നടപ്പാകുന്നതോടെ യോഗ്യതാ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമേ രാജ്യത്ത് ജോലിക്കായി എത്താനാകൂ എന്ന സ്ഥിതിയുണ്ടാകും. വിദഗ്ധ തൊഴിലാളികളുടെ പരീക്ഷ നടത്താന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളോട് https://svp.qiwa.sa എന്ന വെബ്‍സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios