Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ പുരാവസ്‍തു സംരക്ഷണത്തിന് കര്‍ശന നിയമം; ജയില്‍ ശിക്ഷയും പിഴയും ലഭിക്കും

പുരാവസ്‍തുക്ക‍ളോ, പുരാവസ്‍തു ​സ്‍ഥലമോ നശിപ്പിക്കുക, മാറ്റംവരുത്തുക, നീക്കം ചെയ്യുക, പുറത്തെടുക്കുക, കോടുപാടുകൾ വരുത്തുക, സവിശേഷതകളിൽ മാറ്റംവരുത്തുക അല്ലെങ്കിൽ ഇല്ലാതാക്കുകയോ ചെയ്യലും നിയമലംഘനമാണ്​. 

saudi arabia introduces new law for protecting heritage monuments
Author
Riyadh Saudi Arabia, First Published Apr 5, 2021, 11:03 PM IST

റിയാദ്: സൗദി അറേബ്യയിൽ പുരാവസ്തുക്കൾ നശിപ്പിച്ചാൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ ശിക്ഷ.​ മൂന്ന് വർഷം വരെ ജയിൽവാസവും മൂന്ന്​ ലക്ഷം റിയാൽ പിഴയും. പുരാതന വസ്തുക്കൾ, മ്യൂസിയങ്ങൾ, നഗര​പൈതൃകം എന്നിവയുടെ സംരക്ഷണ വ്യവസ്ഥ പ്രകാരമാണ് ശിക്ഷ. സൗദി​ മന്ത്രിസഭയാണ് ഈ വ്യവസ്ഥക്ക്​ അംഗീകാരം നൽകിയത്​. നിയമവിരുദ്ധമായി ഗവൺമെന്റിന്റെ ഏതെങ്കിലും സ്വത്ത്​ പിടിച്ചെടുക്കുന്നവർക്ക്​ ആറ്​ മാസത്തിൽ കുറയാത്തതും ഏഴ്​ വർഷത്തിൽ കൂടാത്തതുമായ തടവും 50,000 റിയാലിൽ കുറയാത്തതും അഞ്ച്​ ലക്ഷം റിയാലിൽ കൂടാത്തതുമായ പിഴയോ അല്ലെങ്കിൽ രണ്ട്​ ശിക്ഷകളിൽ ഏതെങ്കിലുമൊന്നോ ലഭിക്കും. 

പുരാവസ്‍തുക്ക‍ളോ, പുരാവസ്‍തു ​സ്‍ഥലമോ നശിപ്പിക്കുക, മാറ്റംവരുത്തുക, നീക്കം ചെയ്യുക, പുറത്തെടുക്കുക, കോടുപാടുകൾ വരുത്തുക, സവിശേഷതകളിൽ മാറ്റംവരുത്തുക അല്ലെങ്കിൽ ഇല്ലാതാക്കുകയോ ചെയ്യലും നിയമലംഘനമാണ്​. ഇത്തരം നിയമലംഘകർക്ക്​ മൂന്ന്​ മാസത്തിൽ കുറയാത്തതും മൂന്ന്​ വർഷത്തിൽ കൂടാത്തതുമായ തടവും 20,000 റിയാലിൽ കുറയാത്തതും മൂന്ന്​ ലക്ഷം റിയാലിൽ കൂടാത്തതുമായ പിഴയോ അല്ലെങ്കിൽ രണ്ട്​ ശിക്ഷകളിൽ ഏതെങ്കിലുമൊന്നോ ലഭിക്കും. 

വ്യാജ പുരാവസ്തുക്കൾ ഉണ്ടാക്കുക, സംസ്കാരിക മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പുരാവസ്തുക്കളുടെയും നഗരപൈതൃക സ്ഥലങ്ങളുടെയും അതിർത്തിക്കുള്ളിൽ നിന്ന്​ പൂർണമായോ, ഭാഗികമായോ ഏതെങ്കിലും വസ്തുക്കൾ പൊളിച്ചുമാറ്റുക, നിർമിക്കുക എന്നിവയും നിയമലംഘനമായി കണക്കാക്കും. പുരാതന സൈറ്റുകളോട്​ ചേർന്നുള്ള സ്ഥലങ്ങൾക്ക്​ നിശ്ചയിച്ച നിബന്ധകൾ പാലിക്കാതിരിക്കലും നിയമലംഘനമാണ്​. നിയമലംഘകർക്ക്​ രണ്ട്​ വർഷത്തിൽ കൂടാത്ത തടവും രണ്ട്​ ലക്ഷത്തിൽ കൂടാത്ത പിഴയുമുണ്ടായിരിക്കും. 

ലൈസൻസിൽ പറഞ്ഞ കാര്യങ്ങൾ ലംഘിക്കുന്നവർക്ക്​ 70,000 റിയാലിൽ കൂടാത്ത ശിക്ഷയുണ്ടാകും. ഉടമസ്ഥതയിലുള്ള പുരാവസ്തുക്കൾ സംബന്ധിച്ച്​ വിവരം നൽകാതിരിക്കലും കൈവശം വെക്കുന്നതിന് മതിയായ ഉടമാവകാശം ഇല്ലാതിരിക്കലും അനുമതിയില്ലാതെ വിൽക്കുക, വാടകക്ക്​ നൽകുക, കൈമാറുക തുടങ്ങിയവയും നിയമലംഘനങ്ങളാണ്​. ​ 50,000 റിലായിൽ കൂടാത്ത പിഴയാണ് ഇതിന് ശിക്ഷ.

Follow Us:
Download App:
  • android
  • ios