റമദാന്‍ മാസത്തില്‍ ഇന്ത്യയിലെ വിവിധ പ്രവിശ്യകളിലെയും സംസ്ഥാനങ്ങളിലെയും നഗരങ്ങളിലെയും 80,000 കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

റിയാദ്: റമദാനില്‍ ഇന്ത്യയില്‍ ഭക്ഷ്യ വിതരണ പദ്ധതിയുമായി സൗദി അറേബ്യ. കിംഗ് സല്‍മാന്‍ റമദാന്‍ സഹായ പദ്ധതിയുടെ ഭാഗമായി സൗദി ഇസ്ലാമിക് കാര്യ മന്ത്രാലയവും കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്ററും സംയുക്തമായാണ് ഇന്ത്യയില്‍ റമദാന്‍ ഇഫ്താര്‍ പദ്ധതി ആരംഭിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

റമദാന്‍ മാസത്തില്‍ ഇന്ത്യയിലെ വിവിധ പ്രവിശ്യകളിലെയും സംസ്ഥാനങ്ങളിലെയും നഗരങ്ങളിലെയും 80,000 കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ന്യൂഡല്‍ഹിയിലെ സൗദി അറേബ്യന്‍ എംബസിയിലെ മതകാര്യ അറ്റാഷെ ഓഫീസില്‍ പദ്ധതിയുടെ ഉദ്ഘാടനം നടന്നു.

സൗദി ഇസ്ലാമിക് കാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അല്‍ ശൈഖിന്റെയും ഇന്ത്യയിലെ സൗദി അംബാസഡര്‍ ഡോ. സഊദ് അല്‍ സാതിയുടെയും മേല്‍നോട്ടത്തില്‍ ഏകോപനം നടത്തി ഇന്ത്യയിലെ സര്‍വകലാശാലകള്‍, അസോസിയേഷനുകള്‍, ഇസ്ലാമിക് കേന്ദ്രങ്ങള്‍ എന്നിവയുമായി സഹകരിച്ചാണ് ഇഫ്താര്‍ പദ്ധതിയുടെ വിതരണം. ഇസ്ലാമിനെയും ലോകമെമ്പാടുമുള്ള മുസ്ലിംകളെയും സേവിക്കുന്നതില്‍ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ ഇന്ത്യന്‍ മുസ്ലിംകള്‍ പ്രശംസിക്കുകയും സൗദി സര്‍ക്കാരിനോട് നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു.