സന്ദർശന വിസ കാലാവധി കഴിഞ്ഞ് സൗദിയില്‍ തുടരുന്നവര്‍ക്ക് രാജ്യം വിടാൻ സാവകാശം നല്‍കുന്ന തീരുമാനവുമായി സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ്. 

റിയാദ്: സന്ദർശന വിസയിലെത്തി വിസ കാലാവധി കഴിഞ്ഞ് സൗദിയിൽ കഴിയുന്നവർക്ക് ആശ്വാസം. രാജ്യം വിടാൻ വിസാകാലാവധി ഒരു മാസം നീട്ടുന്നതിനുള്ള നടപടികൾ സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് ആരംഭിച്ചു. എല്ലാ തരത്തിലുമുള്ള സന്ദർശന വിസക്കാർക്കും ഈ ആനുകൂല്യം ലഭിക്കും. വെള്ളിയാഴ്ച (ജൂൺ 27) മുതൽ ഒരു മാസത്തേക്കാണ് ആനുകൂല്യം.

ഒരു മാസത്തേക്ക് വിസ നീട്ടാനുള്ള ഫീസും കാലാവധി കഴിഞ്ഞതിനുള്ള പിഴയും നൽകണം. ആഭ്യന്തര മന്ത്രാലയത്തിെൻറ അബ്ഷിർ ഇ-സർവിസസ് പ്ലാറ്റ്‌ഫോമിലെ ‘തവാസുൽ’ സർവിസിലാണ് വിസ നീട്ടുന്നതിനുള്ള അപേക്ഷ നൽകേണ്ടത്. 30 ദിവസത്തിനുള്ളിൽ ഈ നടപടികൾ പൂർത്തീകരിച്ച് രാജ്യം വിടണം. ഇത് നിലവിൽ സൗദിയിൽ നിശ്ചിത സമയത്തിനകം തിരിച്ചുപോകാനാവാതെ കുടുങ്ങിയ മുഴുവൻ വിസിറ്റ് വിസക്കാർക്കും ആശ്വാസം നൽകുന്നതാണ്.