റിയാദ്: സൗദിയിൽ വിദേശ തൊഴിലാളികളുടെ മേല്‍ ഏർപ്പെടുത്തിയ ലെവി ആവശ്യമെങ്കില്‍ പുനപരിശോധിക്കുമെന്നു ആസൂത്രണ കാര്യവകുപ്പു മന്ത്രി. ചെറുകിട - ഇടത്തരം സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവിയുടെ 80 ശതമാനം തിരിച്ചു നല്‍കാന്‍ മന്ത്രി സഭാ സമതിയുടെ ശുപാർശ.

രാജ്യത്തെ സാമ്പത്തിക മേഖലയുടെ പുരോഗതി കണക്കിലെടുത്ത് ആവശ്യമെങ്കിൽ വിദേശ തൊഴിലാളികളുടെ ലെവി പുന പരിശോധിക്കുമെന്നു ആസൂത്രണ കാര്യവകുപ്പു മന്ത്രി.മുഹമ്മദ് അല്‍തുവൈജരി വ്യക്തമാക്കി. അടുത്ത മാസം ഒന്ന് മുതൽ ലെവി സംഖ്യ നേരത്ത നിശ്ചയിച്ച പ്രകാരം വർദ്ധിക്കാനിരിക്കെ മന്ത്രിയുടെ പ്രസ്താവനയെ വിദേശ തൊഴിലാളികൾ ആകാംക്ഷയോടെയാണ് കാണുന്നത്.

ജനുവരി മുതല്‍ മാസം 600 റിയാലാണ് വിദേശികളുടെ മേലിലുള്ള ലെവി സംഖ്യ. ഇത് 2020 ഓടെ മാസത്തില്‍ 800 റിയാലായും നല്‍കണമെന്നാണ് മന്ത്രിസഭ ഉത്തരവറിക്കിയിട്ടുള്ളത്. അതേസമയം 20 ൽ താഴെ ജീവനക്കാരുള്ള ചെറുകിട - ഇടത്തരം സ്ഥാപനങ്ങൾ വിദേശ തൊഴിലാളികളുടെ ലെവിയായി അടച്ച തുകയിൽ നിന്ന് 80 ശതമാനം തിരിച്ചു നൽകുന്നതിനാണ് മന്ത്രിസഭാ സമിതിയുടെ ശുപാർശ.

സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള മന്ത്രിതല സമിതിയുടേതാണീ ശുപാർശ. എന്നാൽ വിഭാഗം സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ആശ്രിത ലെവി ഒഴിവാക്കില്ല.