Asianet News MalayalamAsianet News Malayalam

രാജ്യാതിര്‍ത്തികള്‍ തുറന്ന് സൗദി അറേബ്യ; 48 മണിക്കൂറിനിടെയുള്ള കൊവിഡ് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധം

വിമാന സർവീസും ഭാഗികമായി തുടങ്ങി. ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്ക് സൗദിയിലേക്കും സൗദിക്ക് പുറത്തേക്കും വിമാന യാത്രചെയ്യുന്നതിനാണ് അനുമതി.  സൗദിയിലേക്കും പുറത്തേക്കുമുള്ള യാത്രയുടെ നിബന്ധനകൾ അറിയിച്ചുകൊണ്ടുള്ള ജനറൽ അതോറിട്ടി ഓഫ് സിവിൽ ഏവിയേഷന്റെ സർക്കുലറും പുറത്തിറങ്ങി. 

saudi arabia opens its international borders and covid test mandatory for entry
Author
Riyadh Saudi Arabia, First Published Sep 16, 2020, 3:59 PM IST

റിയാദ്: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സൗദി അറേബ്യയുടെ രാജ്യാതിർത്തികൾ തുറന്നു. കഴിഞ്ഞ ദിവസം മുതൽ രാജ്യത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്നതിന് അനുമതി നല്‍കി. എന്നാൽ ജനുവരി ഒന്നിന് മാത്രമേ വിമാനസർവീസുകൾ ഉൾപ്പെടെ സാധാരണ നിലയിലെത്തുവെന്നാണ്  ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന സൗദിയുടെ രാജ്യാതിർത്തികൾ ചൊവ്വാഴ്ച രാവിലെയാണ് തുറന്നത്.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള ചരക്കു ലോറികൾക്ക് സൗദിയിലൂടെ കടന്നുപോകാൻ നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും രാജ്യാതിർത്തികൾ എല്ലാവർക്കുമായി  തുറന്നത് ഇന്നലെയാണ്. മാസങ്ങൾക്ക് ശേഷം യാത്ര പുനഃരാരംഭിച്ചതിനാൽ സൗദിയേയും ബഹ്‌റിനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

വിമാന സർവീസും ഭാഗികമായി തുടങ്ങി. ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്ക് സൗദിയിലേക്കും സൗദിക്ക് പുറത്തേക്കും വിമാന യാത്രചെയ്യുന്നതിനാണ് അനുമതി.  സൗദിയിലേക്കും പുറത്തേക്കുമുള്ള യാത്രയുടെ നിബന്ധനകൾ അറിയിച്ചുകൊണ്ടുള്ള ജനറൽ അതോറിട്ടി ഓഫ് സിവിൽ ഏവിയേഷന്റെ സർക്കുലറും പുറത്തിറങ്ങി. റീ- എൻട്രി വിസ, റെസിഡന്റ് വിസ, സന്ദർശക വിസ എന്നിവയുള്ള വിദേശികൾക്കും യാത്ര ചെയ്യാം. എന്നാൽ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ അംഗീകൃത ലാബിൽ നടത്തിയ പി.സി.ആർ പരിശോധനയിൽ കോവിഡ് നെഗറ്റീവ്  ആണെന്നുള്ള സർട്ടിഫിക്കേറ്റ് നിർബന്ധമാണ്.

സൗദിയിലേക്ക് വരുന്നവരും പുറത്തേക്കു പോകുന്നവരും കൊവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ പാലിച്ചിരിക്കണമെന്നും സർക്കുലറിൽ നിർദ്ദേശമുണ്ട്. എന്നാൽ  അന്താരാഷ്ട്ര വിമാനസർവീസുകൾ ജനുവരി ഒന്നിന് ശേഷമേ സാധാരണ നിലയിലാകു എന്നാണ് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് അതിന് ശേഷമേ സൗദിയിൽ നിന്ന് സാധാരണ നിലയിൽ വിമാന സർവീസ് തുടങ്ങൂ.

Follow Us:
Download App:
  • android
  • ios