പ്രിവിലേജ് ഇഖാമ സ്വന്തമാക്കുന്ന വിദേശികൾക്ക് സ്വദേശികൾക്ക് ലഭിക്കുന്നതിന് സമാനമായ നിരവധി ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കും. എന്നാൽ സ്വദേശിവൽക്കരിച്ച തൊഴിലുകളിൽ ദീർഘകാല താമസ രേഖയുള്ളവർക്കും അവരുടെ ആശ്രിതർക്കും ജോലിചെയ്യാൻ വിലക്കുണ്ടാകും. 

സൗദി അറേബ്യ: സൗദിയിൽ വിദേശികൾക്ക് ഗ്രീൻ കാർഡിന് തുല്യമായ ദീർഘകാല താമസ രേഖ അനുവദിക്കുന്നതിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ടു. മക്കയിലും മദീനയിലും കെട്ടിടങ്ങൾ വാങ്ങാൻ വിദേശികൾക്ക് അനുമതിയുണ്ടാകില്ല. 
സ്വദേശിവൽക്കരിച്ച തൊഴിലുകളിൽ ജോലി ചെയ്യുന്നതിനും വിലക്കുണ്ടാകും. 

സൗദിയിൽ വിദേശികൾക്ക് ഗ്രീൻ കാർഡിന് തുല്യമായ പ്രിവിലേജ് ഇഖാമ അനുവദിക്കുന്നതിനും സ്വന്തം പേരിൽ വീടുകളോ കെട്ടിടങ്ങളോ സ്വന്തമാക്കുന്നതിനും ശൂറാ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. 
എന്നാൽ മക്കയിലും മദീനയിലും രാജ്യത്തിൻറെ അതിർത്തി പ്രദേശങ്ങളിലും കെട്ടിടങ്ങളും ഫ്ലാറ്റുകളും സ്വന്തമാക്കാൻ വിദേശികൾക്ക് അനുമതിയുണ്ടാകില്ലെന്ന് ശൂറാ കൗൺസിൽ അംഗം മുഹ്‌സിൻ ബിൻ ഇബ്രാഹിം ശൈആനി പറഞ്ഞു. 

വ്യവസ്ഥകൾക്ക് വിധേയമായി വിദേശികൾക്ക് രണ്ടു തരത്തിലുള്ള പ്രിവിലേജ് ഇഖാമ അനുവദിക്കാനാണ് തീരുമാനം. ഇതുപ്രകാരം സ്ഥിരം ഇഖാമയോ താൽക്കാലിക ഇഖാമയോ ആണ് അനുവദിക്കുക. ഇതിനു പ്രത്യേക ഫീസ് അടയ്‌ക്കേണ്ടിവരും. കൂടാതെ ബാങ്ക് ഗ്യാരണ്ടിയും നൽകണം. എന്നാൽ ബാങ്ക് ഗ്യാരണ്ടിയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. 

പ്രിവിലേജ് ഇഖാമ സ്വന്തമാക്കുന്ന വിദേശികൾക്ക് സ്വദേശികൾക്ക് ലഭിക്കുന്നതിന് സമാനമായ നിരവധി ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കും. എന്നാൽ സ്വദേശിവൽക്കരിച്ച തൊഴിലുകളിൽ ദീർഘകാല താമസ രേഖയുള്ളവർക്കും അവരുടെ ആശ്രിതർക്കും ജോലിചെയ്യാൻ വിലക്കുണ്ടാകും. സ്വദേശികൾക്ക് ലഭിക്കുന്നതിന് സമാനമായ നിരവധി ആനുകൂല്യങ്ങളും അവകാശങ്ങളും പ്രയോജനപ്പെടുത്തി സൗദിയിൽ സ്ഥിരമായോ താൽക്കാലികമായോ താമസിക്കാൻ ആഗ്രഹിക്കുന്ന വിദേശികളെ ലക്ഷ്യമിട്ടാണ് പ്രിവിലേജ് ഇഖാമ പദ്ധതി നടപ്പിലാക്കുന്നത്.