12000ത്തിലധികം വ്യാജ പാക് പാസ്‌പോർട്ടുകൾ പിടിച്ചെടുത്ത് സൗദി അധികൃതര്‍; പിടികൂടിയത് അഫ്‍ഗാനികളില്‍ നിന്ന്
പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന വിവിധ പാസ്‌പോർട്ട് കേന്ദ്രങ്ങൾ വഴി അഫ്ഗാൻ പൗരന്മാർ വ്യാജ പാസ്പോര്‍ട്ട് സ്വന്തമാക്കുന്നുവെന്ന് സൗദി അധികൃതർ പാകിസ്ഥാനെ അറിയിച്ചു

റിയാദ്: 12000ത്തില്‍ അധികം വ്യാജ പാകിസ്ഥാൻ പാസ്‌പോർട്ടുകൾ അഫ്ഗാൻ പൗരന്മാരില്‍ നിന്ന് പിടികൂടി. സൗദി അധികൃതരാണ് വ്യാജ പാസ്പോര്‍ട്ടുകള്‍ കണ്ടെടുത്തത്. ദി എക്‌സ്പ്രസ് ട്രിബ്യൂൺ എന്ന പാക് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന വിവിധ പാസ്‌പോർട്ട് കേന്ദ്രങ്ങൾ വഴി അഫ്ഗാൻ പൗരന്മാർ വ്യാജ പാസ്പോര്‍ട്ട് സ്വന്തമാക്കുന്നുവെന്ന് സൗദി അധികൃതർ പാകിസ്ഥാനെ അറിയിച്ചു. റിയാദിലെ പാക് എംബസിയെയാണ് ഇക്കാര്യം അറിയിച്ചത്. വ്യാജ പാസ്പോര്‍ട്ട് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പാക് ആഭ്യന്തര മന്ത്രാലയം, ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്‌ഐഎ), സർക്കാർ ഏജൻസികൾ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ഉന്നതതല കമ്മിറ്റി രൂപീകരിച്ചു.
വ്യാജ പാസ്പോര്‍ട്ട് വിതരണം ചെയ്യുന്നവരെ കണ്ടെത്തുകയാണ് കമ്മിറ്റിയുടെ പ്രാഥമിക ചുമതല. ഇവരുടെ പട്ടിക തയ്യാറാക്കി നിയമ നടപടി സ്വീകരിക്കും. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് അഫ്ഗാൻ പൗരന്മാർക്ക് വ്യാജ പാക് പാസ്‌പോർട്ടുകൾ നൽകിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉമര്‍ ജാവേദ് എന്നയാളെ ലാഹോറില്‍ കസ്റ്റഡിയിലെടുത്തെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വ്യാപക പരിശോധന; നിയമങ്ങൾ ലംഘിച്ച 118 പ്രവാസികൾ പിടിയിൽ
നിയമവിരുദ്ധമായി താമസിക്കുന്ന എല്ലാ വിദേശികളോടും ഒക്ടോബര്‍ അവസാനത്തോടെ രാജ്യം വിടാന്‍ പാകിസ്ഥാന്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്. അതേസമയം പാകിസ്ഥാനിൽ നിയമപരമായി താമസിക്കുന്ന അഫ്ഗാൻ പൗരന്മാർക്ക് നേരെ നടപടിയുണ്ടാവില്ലെന്ന് അതിര്‍ത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രാലയം (എസ്എഎഫ്ആര്‍ഒഎന്‍) അറിയിച്ചു.
പാകിസ്ഥാനിൽ അനധികൃതമായി താമസിക്കുന്ന അഫ്ഗാൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ കഴിഞ്ഞയാഴ്ചയാണ് ആരംഭിച്ചത്. 16 ട്രക്കുകളിലായി 20 കുടുംബങ്ങളിലെ 350 പേരെ ടോർഖാം അതിർത്തിയിലേക്ക് കൊണ്ടുപോയി. ഇവരെ നിയമപരമായ നടപടി ക്രമങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനിൽ പ്രവേശിക്കാൻ അനുവദിക്കും.
പതിറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് അഭയാർത്ഥികൾ ഇസ്ലാമാബാദില്‍ താമസിക്കുന്നുണ്ട്. ഒരു ഘട്ടത്തിൽ പാകിസ്ഥാനിലെ അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ എണ്ണം അഞ്ച് ദശലക്ഷം വരെയായി. സാധുവായ അഭയാർത്ഥി കാർഡുകൾ കൈവശമുള്ളമുള്ളവരുടെ എണ്ണം വളരെ കുറവാണെന്നാണ് ഔദ്യോഗിക രേഖകൾ സൂചിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം