സൗദി ഭരണകൂടം ഈ റിപ്പോര്‍ട്ട് ഒരു രീതിയിലും അംഗീകരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. കുറ്റവാളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും കോടതി അന്തിമ വിധി പുറപ്പെടുവിക്കുകയും ചെയ്തെന്നും കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കിയത് ജമാല്‍ ഖഷോഗിയുടെ കുടുംബം സ്വാഗതം ചെയ്തതായും മന്ത്രാലയം പ്രസ്താവനയില്‍ വിശദമാക്കി.
റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൂര്‍ണമായും നിഷേധിച്ച് സൗദി അറേബ്യ. രാജ്യനേതൃത്വത്തെ കുറിച്ച് റിപ്പോര്‍ട്ടിലെ നിഷേധാത്മകവും തെറ്റായതുമായ നിഗമനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
സൗദി ഭരണകൂടം ഈ റിപ്പോര്‍ട്ട് ഒരു രീതിയിലും അംഗീകരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിയമങ്ങളും മൂല്യങ്ങളും ലംഘിച്ച ഗുരുതരമായ കുറ്റകൃത്യമാണിതെന്ന് സൗദി അധികാരികള്‍ മുമ്പ് പ്രസ്താവന നടത്തിയ കാര്യം മന്ത്രാലയം ഓര്‍മ്മപ്പെടുത്തി. കുറ്റവാളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും കോടതി അന്തിമ വിധി പുറപ്പെടുവിക്കുകയും ചെയ്തെന്നും കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കിയത് ജമാല്‍ ഖഷോഗിയുടെ കുടുംബം സ്വാഗതം ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയില്‍ വിശദമാക്കുന്നു.
ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും ഭരണ നേതൃത്വം കൈക്കൊണ്ട സാഹചര്യത്തില്‍ തെറ്റായ നിഗമനങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത് ഖേദകരമാണ്. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തവും ദൃഢവുമാണെന്നും എട്ട് പതിറ്റാണ്ടുകളായി പരസ്പര ബഹുമാനത്തിലധിഷ്ഠിതമാണ് ഇരുരാജ്യങ്ങളുടെയും ബന്ധമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിലും ലോകമെമ്പാടും സുരക്ഷയും സുസ്ഥിരതയും ഐക്യവും സഹകരണവും ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അത് നിലനിര്‍ത്താനാണ് സൗദി ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
