റിയാദ്: സൗദി അറേബ്യയിൽ പുതിയതായി 67 പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ബുധനാഴ്ചയിലെ കണക്കാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 238 ആയി. . കഴിഞ്ഞ ദിവസം അസുഖം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ഇപ്രകാരമാണ്. റിയാദില്‍ 19, കിഴക്കന്‍ പ്രവിശ്യയില്‍ 23, ജിദ്ദയില്‍ 13, മക്കയില്‍ 11, അസീറില്‍ ഒന്ന്.

കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇന്നുമുതല്‍ 15 ദിവസത്തേക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചിരുന്നു. വെള്ളം, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍ മേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല. മാനവശേഷി വികസന മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം ഓഫീസുകളിലെത്തുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. വീടുകളിലിരുന്ന് ജോലി ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ആദ്യ ഘട്ടത്തില്‍ ആസ്ഥാനങ്ങളിലാണിത് പ്രാബല്യത്തില്‍ വരിക.

സൗദിയില്‍ മക്കയും മദീനയും ഒഴികെയുള്ള രാജ്യത്തെ എല്ലാ പള്ളികളിലെയും നമസ്‌കാരങ്ങള്‍ അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ മയ്യിത്ത് നിസ്‌കാരങ്ങള്‍ ഖബര്‍സ്ഥാനില്‍ മതിയെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. നിസ്‌കാരങ്ങള്‍ക്കായി പള്ളികളില്‍ കൃത്യസമയത്തു ബാങ്ക് വിളി മുഴങ്ങുമെന്നും വീടുകളില്‍ നിസ്‌കരിക്കാമെന്നും അറിയിപ്പുണ്ട്.