റിയാദ്​: കൊവിഡ് കണക്കുകളില്‍ സൗദി അറേബ്യയ്ക്ക് ഇത് ആശ്വാസത്തിന്റെ ദിനങ്ങള്‍. രോഗവ്യാപനവും മരണ നിരക്കും കുറഞ്ഞ് വളരെയധികം മെച്ചപ്പെട്ട നിലയിലാണ് രാജ്യമിപ്പോള്‍. രോഗമുക്തി നിരക്ക് 82.9 ശതമാനമായി ഉയർന്നു. ഇന്ന്​ 27 പേരാണ്​ മരിച്ചത്​. 1993 പേർക്ക്​ പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്​തപ്പോൾ 2613 പേരാണ് സുഖം പ്രാപിച്ചത്​. 

രാജ്യത്തെ ആകെ കൊവിഡ് മരണ സംഖ്യ 2760ഉം രോഗബാധിതരുടെ എണ്ണം 2,68,934ഉം ആയപ്പോൾ, രോഗമുക്തരുടെ എണ്ണം 2,22,936 ആയി ഉയർന്നു. രാജ്യത്തെ രോഗമുക്തിനിരക്ക്​ 82.9 ശതമാനമായി ഉയർന്നു. 43238 പേരാണ്​ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്​. ഇതിൽ 2126 പേരുടെ ആരോഗ്യനില ഗുരുതരമാണ്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 

റിയാദ്, ജിദ്ദ, മക്ക, ദമ്മാം, ഹുഫൂഫ്, ത്വാഇഫ്, ഖത്വീഫ്, ഖോബാർ, മുബറസ്, ഹാഇൽ എന്നിവിടങ്ങളിലാണ് ഇന്ന് മരണം സംഭവിച്ചത്​. 24 മണിക്കൂറിനിടെ 53,793 കോവിഡ്​ ടെസ്റ്റുകൾ നടന്നപ്പോൾ രാജ്യത്താകെ ഇതുവരെ നടന്ന ടെസ്റ്റുകളുടെ എണ്ണം 31,10,749 ആയി.