ജിദ്ദ: കഴിഞ്ഞ ദിവസമാണ് സൗദിയില്‍ 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. അനുമതി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നമസ്കാര സമയങ്ങളിലും ഇളവ് ബാധകമാണെന്ന നിലയില്‍ പ്രചാരണം സജീവമായി. ഇതോടെയാണ് നിലപാട് വ്യക്തമാക്കി സൗദി അധികൃതര്‍ രംഗത്തെത്തിയത്. നമസ്‌കാര സമയങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന പ്രചാരണം തെറ്റാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഖാലിദ് അല്‍ദുഗൈഥിര്‍ ആണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. നമസ്‌കാര സമയങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതിയില്ലെന്ന് അദ്ദേഹം അറിയിച്ചു. രാത്രി കാലത്ത് വ്യാപാരകേന്ദ്രങ്ങള്‍ സജീവമാകാന്‍ വേണ്ടിയാണ് മന്ത്രിസഭ 24 മണിക്കൂര്‍ പ്രവര്‍ത്തന അനുമതി നല്‍കിയതെന്ന് ഖാലിദ് അല്‍ദുഗൈഥിര്‍ വ്യക്തമാക്കി.