തിരിച്ച് പോകൂ ഒന്ന് പോകൂ! കോടികള്‍ ചെലവായാലും പ്രശ്നമില്ല, 'കണ്ണിന് കൊത്തുന്ന ഇന്ത്യൻ കാക്കകളെ' തുരത്താൻ സൗദി
ഇന്ത്യൻ കാക്കകളെ നീക്കം ചെയ്യുക, വീണ്ടും പെരുകുന്നത് തടയുക, കൂടുകളും വാസസ്ഥലങ്ങളും കണ്ടെത്തി നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങളാണ് സൗദി ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രത്തിനുള്ളത്.

റിയാദ്: പരിസ്ഥിതിക്കും ജീവികൾക്കും ശല്യമായി മാറിയ ഇന്ത്യൻ കാക്കകളെ തുരത്താൻ നടപടി തുടങ്ങി സൗദി ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം. ജിദ്ദ മുനിസിപ്പാലിറ്റിയും കാക്കകളെ നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങളിലാണ്. മറ്റു ചെറുജീവികൾക്കും കന്നുകാലികൾക്കും നഗരജീവിതത്തിനും വരെ ഭീഷണിയായതോടെയാണ് നടപടി. ശെടാ ഇത് വല്യ ശല്യമായല്ലോ എന്നിടത്ത് നിന്ന്, എന്നാൽപ്പിന്നെ പറഞ്ഞു വിട്ടേക്കാം എന്ന നിലയിലെത്തി കാര്യങ്ങൾ.
ഇന്ത്യൻ കാക്കകളെ നീക്കം ചെയ്യുക, വീണ്ടും പെരുകുന്നത് തടയുക, കൂടുകളും വാസസ്ഥലങ്ങളും കണ്ടെത്തി നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങളാണ് സൗദി ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രത്തിനുള്ളത്. ഫർസാൻ ദ്വീപിൽ കാക്കകളെ തുരത്താനുള്ള മിഷനെ കുറിച്ച് സൗദി ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ചില്ലറ തലവേദനയല്ല കാക്കകളുണ്ടാക്കുന്നത്. അധിനിവേശ സ്വാഭാവമാണ് പ്രധാനം.
വൈദ്യുതിക്കമ്പികളിൽ കൂട്ടത്തോടെയിരുന്നും കൂടുകൂട്ടിയും വൈദ്യുതി തടസം, മറ്റ് ചെറുജീവികളെയും മറ്റു പക്ഷികളുടെ മുട്ടകളും ഭക്ഷിച്ച് പരിസ്ഥിതി നാശം, മറ്റു ജീവികളുടെ നിലനിൽപ്പിന് ഭീഷണി, രോഗം പരത്തൽ എന്നങ്ങനെ ശല്യം കൂടി കൂടി വരികയാണ്. ഇതൊന്നും പോരാതെ കന്നുകാലികളെ ഉപദ്രവിക്കൽ, കണ്ണിൽ കൊത്തൽ എന്നീ പരിപാടികളഉമുണ്ട്. കാക്കളെ നിയന്ത്രിക്കാനുള്ള രണ്ടാം ഘട്ട പദ്ധതിക്ക് ശേഷം 70 ശതമാനം നിയന്ത്രിച്ചെങ്കിലും വീണ്ടും പെരുകിയതാണ് ഇപ്പോള്‍ തലവേദനയായത്.
ജിദ്ദ മുനിസിപ്പാലിറ്റിയും കാക്കകളെ തുരത്തുകയാണെന്ന് അറബ് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നഗരത്തിലെ കെട്ടിടങ്ങളിലെ കൂടുണ്ടാക്കലും ശബ്‍ദശല്യവുമാണ് പ്രശ്നം. കൂടുകൾ നീക്കി, കെണികൾ സ്ഥാപിച്ച് തുരത്താനാണ് ശ്രമം. 2700 ലധികം കെണികൾ സ്ഥാപിക്കും. കിംഗ് അബ്‍ദുള്‍ അസീസ് യൂണിവേഴ്സിറ്റിയുമായും, ജീവനക്കാർക്ക് പരിശീലനം നൽകാൻ സിംഗപ്പൂർ പരിസ്ഥിതി ഏജൻസിയുമായും ചേർന്നാണ് പ്രവർത്തനം. മൂന്ന് വർഷത്തേക്ക് 4.5 മില്യൺ റിയാൽ ആണ് ചെലവ്. നേരത്തെ ഇന്ത്യൻ മൈനകൾ പരിസ്ഥിതിക്ക് ഭീഷണിയായെന്ന റിപ്പോർട്ടുകൾ കുവൈത്തിൽ വലിയ ചർച്ചയായിരുന്നു. മൈനകൾ ദോഷമല്ല, വൈവിധ്യത്തെ സഹായിക്കുകയാണെന്ന് പിന്നീട് കുവൈത്ത് എൻവയോൺമെന്‍റ് ലെൻസസ് തലവൻ പ്രസ്താവനയിറക്കിയിരുന്നു.
ഇസ്രായേൽ പൊലീസിന് യൂണിഫോം നല്‍കാൻ തയാറെന്ന് പാലക്കാട്ടെ കമ്പനി