റിയാദ്: തന്ത്രപ്രധാന വ്യാപാര പങ്കാളികളെന്ന നിലയിൽ ഇന്ത്യയുടെ എണ്ണ, പ്രകൃതി വാതക പദ്ധതികളിൽ സൗദി അറേബ്യ മുതൽ മുടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരിൽ നിന്ന് സുസ്ഥിരമായ ഒരു ചാനൽ ഇന്ത്യയിലേക്ക് തുറക്കാനുള്ള നീക്കത്തിന്റെ തുടക്കമാണിതെന്നും അദ്ദേഹം ചൊവ്വാഴ്ച റിയാദിൽ പ്രാദേശിക മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. വിൽക്കുന്നയാളും വാങ്ങുന്നയാളും എന്നതിൽ നിന്ന് തന്ത്രപ്രധാന പങ്കാളികളെന്ന നിലയിലേക്ക് ഉറ്റ ബന്ധം പുരോഗമിക്കുന്നതിന്റെ ഭാഗമാണ് എണ്ണ, പ്രകൃതി വാതക പദ്ധതികളിലെ സൗദി നിക്ഷേപമെന്നും മോദി കൂട്ടിച്ചേർത്തു. 

നിലവിൽ ഇന്ത്യക്കാവശ്യമായ അസംസ്കൃത എണ്ണയുടെ 18 ശതമാനവും സൗദി അറേബ്യയാണ് നൽകുന്നത്. ഏറ്റവും വലിയ രണ്ടാമത്തെ ക്രൂഡോയിൽ ദാതാക്കളാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സൗദി. നമ്മുടെ മൊത്തം ഊർജ്ജാവശ്യങ്ങൾക്ക് പരിഹാരമാകുന്ന പ്രധാന സ്രോതസെന്ന നിലയിൽ സൗദി അറേബ്യയുടെ നിർണായക സ്ഥാനത്തെ ഞങ്ങൾ വിലമതിക്കുകയാണെന്നും മോദി പറഞ്ഞു. എണ്ണവിലയുടെ സ്ഥിരതക്ക് വേണ്ടിയുള്ള ആഗോളശ്രമങ്ങളിൽ ഇന്ത്യയും അണിചേരും. റിയാദിൽ ചൊവ്വാഴ്ച ആരംഭിച്ച സൗദി അറേബ്യയുടെ ആഗോള ഭാവി നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി. 

ഇന്ത്യയുടെ പടിഞ്ഞാറൻ തീരദേശത്ത് പ്രതിദിനം 12 ലക്ഷം ബാരൽ ഉദ്പാദക ശേഷിയോടെ നിർമിക്കുന്ന കൂറ്റൻ ശുദ്ധീകരണശാലയിൽ സൗദി അരാംകോയും അബൂദാബി നാഷനൽ ഓയിൽ കമ്പനിയും (അഡ്നോക്) 50 ശതമാനമെന്ന വ്യവസ്ഥയിൽ മുതൽമുടക്കാൻ പ്രാഥമിക കരാർ ഒപ്പുവെച്ചു. റിലയൻസ് ഇൻഡസ്ട്രിയുടെ പെട്രോകെമിക്കൽസ്, എണ്ണശുദ്ധീകരണ ബിസിനസിൽ സൗദി അരാംകോ ശതകോടി ഡോളർ മുതൽ മുടക്കിൽ 20 ശതമാനം ഓഹരി പങ്കാളിത്തം നേടാനും ആലോചിക്കുന്നു. ഈ സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിൽ ഊർജ മേഖലയിൽ സുപ്രധാന ഉടമ്പടികൾ ഒപ്പുവെക്കുകയാണെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ തന്ത്രപ്രധാന എണ്ണ നിക്ഷേപങ്ങൾ ഉറപ്പുവരുത്താൻ അരാംകോയുടെ പങ്കാളിത്തം ഇന്ത്യ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.