Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17ന് നീക്കും

രാജ്യത്തുള്ള വിദേശികളുടെ യാത്രാ മാനദണ്ഡങ്ങൾ എന്തൊക്കെയായിരിക്കുമെന്നോ നിലവിൽ യാത്രാ വിലക്കുള്ള 20 രാജ്യങ്ങളിലേക്ക് അന്നേ ദിവസം മുതല്‍ യാത്രാനുമതി ഉണ്ടാവുമോ എന്ന കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം വ്യക്തമായ നിർദേശങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.

saudi arabia to withdraw travel ban on may 17th 2021
Author
Riyadh Saudi Arabia, First Published May 2, 2021, 11:45 PM IST

റിയാദ്: കൊവിഡിനെ തുടർന്ന് സൗദി അറേബ്യ ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17ന് തന്നെ പിൻവലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. അന്ന് പുലർച്ചെ ഒരു മണിയോടെ രാജ്യത്തിന്റെ കര, ജല, വ്യാമ ഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചുവരും. ഇതോടെ സ്വദേശികൾക്ക് രാജ്യത്തിന് പുറത്തു യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടാവും. എന്നാൽ ഇത്തരത്തിൽ യാത്ര ചെയ്യുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് സ്വദേശികൾക്ക് ചില മാനദണ്ഡങ്ങൾ കൂടി ആഭ്യന്തര മന്ത്രാലയം നിഷ്കര്‍ഷിച്ചിട്ടുണ്ട്. 

  1. യാത്രക്കാർ കോവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസും കുത്തിവെച്ചവരോ ഒരു ഡോസെടുത്ത് 14 ദിവസങ്ങൾ പൂർത്തീകരിച്ചവരോ ആയിരിക്കണം. ഇക്കാര്യം തവക്കൽന ആപ്ലിക്കേഷനിൽ അപ്ഡേറ്റ് ആയിരിക്കണം. 
  2. കോവിഡ് അസുഖം ബാധിച്ച് ഭേദമായി ആറ് മാസം കഴിഞ്ഞവർ. ഇക്കാര്യവും തവക്കൽന ആപ്ലിക്കേഷനിൽ അപ്ഡേറ്റ് ആയിരിക്കണം. 
  3. 18 വയസിൽ താഴെ പ്രായമുള്ളവർക്ക് യാത്ര ചെയ്യണമെങ്കിൽ കൊവിഡിനെതിരെ സെൻട്രൽ ബാങ്ക് ഓഫ് സൗദി അറേബ്യ അംഗീകരിച്ച ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം. 

രാജ്യത്തിന് പുറത്തുപോയി തിരിച്ചു വരുന്ന, എട്ട് വയസിന് മുകളിൽ പ്രായമുള്ളവരെല്ലാം സൗദിയിലെത്തി ഏഴ് ദിവസങ്ങൾ വീട്ടിൽ ക്വാറന്റീൻ പൂർത്തിയാക്കുകയും ശേഷം പി.സി.ആർ കോവിഡ് പരിശോധന നടത്തുകയും വേണം. സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ തുടങ്ങി ആരോഗ്യ മന്ത്രാലയം നിഷ്കർഷിക്കുന്ന എല്ലാ മുൻകരുതലുകളും പാലിച്ചുകൊണ്ടായിരിക്കണം യാത്ര ചെയ്യേണ്ടതെന്നും കൊവിഡ് മഹാമാരി ഏറ്റവും കൂടുതലായി ബാധിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് സൂക്ഷിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപപ്പ് നൽകിയിട്ടുണ്ട്. 

എന്നാൽ മെയ് 17 ന് അന്താരാഷ്ട്ര യാത്രാവിലക്ക് എടുത്തു കളയുമ്പോൾ രാജ്യത്തുള്ള വിദേശികളുടെ യാത്രാ മാനദണ്ഡങ്ങൾ എന്തൊക്കെയായിരിക്കുമെന്നോ നിലവിൽ യാത്രാ വിലക്കുള്ള 20 രാജ്യങ്ങളിലേക്ക് അന്നേ ദിവസം മുതല്‍ യാത്രാനുമതി ഉണ്ടാവുമോ എന്ന കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം വ്യക്തമായ നിർദേശങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. ഈ കാര്യങ്ങളെക്കുറിച്ച് വരും ദിവസങ്ങളിൽ അറിയിപ്പുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Follow Us:
Download App:
  • android
  • ios