Asianet News MalayalamAsianet News Malayalam

അരാംകോ എണ്ണയുൽപ്പാദനം കൂട്ടുന്നു: പ്രതിദിനം 13 ദശലക്ഷം ബാരലായി

  • സൗദി അരാംകോ പ്രതിദിന എണ്ണയുൽപാദനം 10 ലക്ഷം കൂടി കൂട്ടി 130 ലക്ഷം ബാരലായി ഉയർത്തുന്നു.
  • നിലവിൽ അരാംകോയുടെ പരമാവധി പ്രതിദിന സുസ്ഥിര ഉൽപാദന ശേഷി 12 ദശലക്ഷം ബാരലാണ്
Saudi Aramco increased oil production to 130 lakhs Barrel per day
Author
Saudi Arabia, First Published Mar 12, 2020, 1:01 PM IST

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോ പ്രതിദിന എണ്ണയുൽപാദനം 10 ലക്ഷം കൂടി കൂട്ടി 130 ലക്ഷം ബാരലായി ഉയർത്തുന്നു. ബുധനാഴ്ചയാണ് ഈ സുപ്രധാന തീരുമാനം സൗദി അറേബ്യയുടെ ദേശീയ എണ്ണ കമ്പനി പ്രഖ്യാപിച്ചത്. സൗദി ഊർജ മന്ത്രാലയത്തിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് പരമാവധി സുസ്ഥിര ഉൽപാദന ശേഷി ഉയർത്താൻ കമ്പനി തീരുമാനിച്ചതെന്ന് സൗദി സ്റ്റോക്ക് എക്സ്ചേഞ്ച് (തദാവുൽ) വഴി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഏപ്രിലിൽ 123 ലക്ഷം ബാരലായി ഉയർത്താൻ അരാംകോ ആലോചിക്കുന്നു എന്ന നിലയിൽ ഒരു പ്രസ്താവന ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ചൊവ്വാഴ്ച പുറത്തുവന്നിരുന്നു. പരമാവധി ഉൽപാദന ശേഷിയോടൊപ്പം മൂന്ന് ലക്ഷം കൂടുതൽ ഉയർത്തുെമന്നാണ് അതിൽ പറഞ്ഞതെങ്കിൽ ഏഴുലക്ഷം കൂടി കൂട്ടി 130 ലക്ഷമാക്കി ഉയർത്താനുള്ള തീരുമാനമാണ് കമ്പനി ബുധനാഴ്ച പ്രഖ്യാപിച്ചത്. ആകെ ഉദ്പാദന ശേഷിയിൽ ഫെബ്രുവരിയിൽ 25 ലക്ഷം ബാരൽ ഉയർത്തിയിരുന്നു. നിലവിൽ അരാംകോയുടെ പരമാവധി പ്രതിദിന സുസ്ഥിര ഉൽപാദന ശേഷി 12 ദശലക്ഷം ബാരലാണ്. അതിലാണ് കുത്തനെ 10 ലക്ഷം ബാരലിന്‍റെ കൂടി ശേഷി ഉയർത്തുന്നത്. ആഗോള വിപണിയിൽ വിലയിടിയുന്നത് തടയാൻ ഉൽപാദനം വെട്ടിക്കുറക്കാനുള്ള കരാർ ദീർഘിപ്പിക്കുന്നതിന് റഷ്യ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് സൗദി അരാംകോയുടെ ഈ തീരുമാനം.

ഏപ്രിൽ ആദ്യം മുതൽ എണ്ണയുൽപാദനവും വിതരണവും സർവകാല റെക്കോർഡിലേക്കാണ് ഉയരുക. നിർണായകമായ ഈ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ആഭ്യന്തര ഓഹരി വിപണിയിൽ കഴിഞ്ഞ ദിവസം സൗദി അരാംകോ ഓഹരി ഇടപാട് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എണ്ണയുൽപാദനം കുത്തനെ ഉയർത്താനുള്ള തീരുമാനം പ്രഖ്യാപിച്ച ശേഷം ഓഹരി ക്രയവിക്രയം പുനരാരംഭിച്ചതോടെ ഓഹരി വിലയിലും നേരിയ കയറ്റമുണ്ടായി. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഓഹരി വില ക്രമാനുഗതമായി കുറഞ്ഞുവരികയായിരുന്നു. സുപ്രധാന പ്രഖ്യാപനം വന്നതോടെയാണ് നേരിയ തോതിൽ തിരിച്ചുകയറ്റമുണ്ടായി തുടങ്ങിയത്.  

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios