റിയാദ്: സൗദി  അരാംകോയുടെ  അറ്റാദായത്തിൽ കഴിഞ്ഞ വർഷം 46.3 ശതമാനം വളർച്ച. 11,107 കോടി ഡോളറാണ് 2018ൽ  അരാംകൊ നേടിയ ലാഭം. ആഗോള വിപണിയിൽ എണ്ണവില വർദ്ധിച്ചതാണ് കഴിഞ്ഞ വർഷം അരാംകോയുടെ വരുമാനം വലിയ തോതിൽ വർദ്ധിക്കാൻ കാരണമായത്.

ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അരാംകൊ കഴിഞ്ഞ വർഷം 1,650 കോടി റിയാലിന്റെ ലാഭമുണ്ടാക്കിയെന്നാണ് കണക്കുകള്‍. ലാഭത്തിൽ 13,190 കോടി റിയാലിന്റെ വർദ്ധനവാണ് കഴിഞ്ഞ വർഷം ഉണ്ടായത്. 
സൗദി അരാംകോയുടെ ആകെ വരുമാനത്തിലും കഴിഞ്ഞ വർഷം 34.7 ശതമാനം വളർച്ച രേഖപ്പെടുത്തി.

അസംസ്കൃത എണ്ണവിലയിൽ കഴിഞ്ഞ വർഷം ഉണ്ടായത് 33 ശതമാനം വർദ്ധനവാണ്. കഴിഞ്ഞ വർഷം ഒരു ബാരലിന് ശരാശരി 70 ഡോളര്‍ എന്ന തോതിലാണ് വില ലഭിച്ചത്. ഇത് അരാംകോയുടെ വരുമാന വർദ്ധനവിന് കാരണമായി. ഒപ്പം ആസ്തി മൂല്യത്തിലും 22.1 ശതമാനം വളർച്ച രേഖപ്പെടുത്തി. 

ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസികളായ മൂഡിസും ഫിച്ചും ലോകത്തില്‍ തന്നെ ഏറ്റവും അധികം ലാഭം ലഭിക്കുന്ന കമ്പനിയായി സൗദി  അരാംകോയെ  ഈ വർഷം തിരഞ്ഞെടുത്തിരുന്നു. ആപ്പിളിനെ പിന്നിലാക്കിയാണ് ഏറ്റവുമധികം ലാഭം ലഭിക്കുന്ന കമ്പനിയെന്ന പദവി സൗദി അരാംകോ സ്വന്തമാക്കിയത്.