റിയാദ്: സൗദി അരാംകോ ഓഹരി നവംബർ 17 ന് വിപണിയിലെത്തും. വ്യക്തികൾക്ക് ഈ മാസം 28 വരെയും സ്ഥാപനങ്ങൾക്ക്‌ ഡിസംബർ നാലുവരെയും ഓഹരികൾ സ്വന്തമാക്കാനുള്ള അപേക്ഷ നൽകാമെന്ന് അരാംകോ വ്യക്തമാക്കി.

ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയ്ക്ക് ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ഓഹരി വിൽക്കുന്നതിന് അനുമതി ലഭിച്ചത് നവംബർ മൂന്നിനാണ്. ഓഹരികൾ ഈ മാസം 17 നു വിപണിയിലെത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാൽ അന്തിമ ഓഹരി വില ഡിസംബർ അഞ്ചിനു മാത്രമേ പ്രഖ്യാപിക്കു. 0.5 ശതമാനം ഓഹരി മാത്രമാണ് ആദ്യത്തെ ആറു മാസത്തേക്ക് വിൽക്കുന്നത്. വ്യക്തികൾക്കും നിക്ഷേപകർക്കും ഓഹരി സ്വന്തമാക്കാം.

ഒരാൾ കുറഞ്ഞത് പത്തു ഓഹരികളെങ്കിലും എടുക്കണം. പരമാവധി എത്ര ഓഹരി വേണമെങ്കിലും എടുക്കാം. ഓഹരി മൂല്യം പ്രഖ്യാപിക്കാതെയാണിപ്പോൾ അപേക്ഷ സ്വീകരിക്കുന്നത്. സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വദേശികൾ എന്നിവർക്കെല്ലാം ഓഹരി സ്വന്തമാക്കാം. എന്നാൽ വിദേശ നിക്ഷേപകർക്ക് ഓഹരി സ്വന്തമാക്കാൻ സൗദി സെൻട്രൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററിൽ പോർട്ട് ഫോളിയോ അക്കൗണ്ടോ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്വന്തം പേരിൽ അക്കൗണ്ടോ  വേണം.

ആഭ്യന്തര വിപണിയിൽ മാത്രമാണ്  അരാംകോ ഓഹരി ലഭ്യമാകുക. വിദേശ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ അരാംകോ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നു അരാംകൊ ചെയർമാനും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണറുമായ യാസിർ ഒത്ത് മാൻ  അൽ റുമയ്യാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.