റിയാദ്: സൗദി പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിന്‍ അബ്‍ദുല്ല അല്‍ ആയിഷ് (68) അന്തരിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യമെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 2014 മേയിലാണ് പ്രതിരോധ സഹമന്ത്രിയായി അദ്ദേഹം സ്ഥാനമേറ്റത്. അതിന് മുമ്പ് 2010 മുതല്‍ 2013 വരെ റോയല്‍ സൗദി എയര്‍ ഫോഴ്‍സസ് കമാന്റര്‍ ഇന്‍ ചീഫായിരുന്നു. 

1970ല്‍ സൗദി വ്യോമ സേനയില്‍ അംഗമായ അദ്ദേഹം 1972ല്‍ കിങ് ഫൈസല്‍ എയര്‍ അക്കാദമിയില്‍ നിന്ന് പൈലറ്റായി ബിരുദം നേടി. എഫ് 15 യുദ്ധവിമാനത്തില്‍ പൈലറ്റ് ഓഫീസറായി ആ വര്‍ഷം തന്നെ നിയമിതനായി. വിവധ കാലങ്ങളില്‍ സൗദി വ്യോമ സേനയുടെ ഉന്നത പദവികള്‍ വഹിച്ച ശേഷമാണ് പ്രതിരോധ സഹമന്ത്രിയായത്. നിര്യാണത്തില്‍ പ്രതിരോധ മന്ത്രാലയം അനുശോചിച്ചു.